റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിൽ ട്രക്കിൽ എരുമകളെയും പോത്തുകളെയും കൊണ്ടുപോകുകയായിരുന്ന രണ്ട് മുസ്‍ലിം യുവാക്കളെ പശുഗുണ്ടകൾ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ സഹറാൻപൂർ സ്വദേശികളായ ചാന്ദ് മിയ, ഗുഡ്ഡു ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സദ്ദാം ഖാന്റെ നില ഗുരുതരമാണ്. അറാങ് മഹാനദി പുഴക്ക് കുറുകെയുള്ള പാലത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരകൃത്യം അരങ്ങേറിയത്.
മഹാസമുന്ദിലെ ഗ്രാമത്തിൽ നിന്ന് എരുമകളെയും പോത്തുകളെയും ഒഡീഷയിലെ ചന്തയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവരെന്ന് അറാങ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശൈലേന്ദ്ര സിങ് ശ്യാം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അതിനിടെ ഇവരുടെ ട്രക്ക് പശുഗുണ്ടകൾ പിന്തുടരുകയായിരുന്നു. അറാങ് പാലത്തിൽ പ്രതികൾ ആണികൾ വിതറിയിരുന്നു. വാഹനം ഇതിൽ കയറിയതോടെ ടയർ പഞ്ചറായി മുന്നോട്ട് പോകാൻ കഴിയാതെ കുടുങ്ങി. തുടർന്ന് പന്ത്രണ്ടോളം പേർ എത്തി ലോറിയിലുണ്ടായിരുന്നവരെ ക്രൂരമായി മർദിച്ചു.
‘കാലികളെ കയറ്റിയ വാഹനം പഞ്ചറാകാൻ അക്രമികൾ മൂർച്ചയുള്ള ആണികൾ പാലത്തിൽ വിതറിയിരുന്നു. ഇത് ആസൂത്രിതമാണെന്ന് ഞങ്ങൾ സംശയിക്കുന്നു. പാലത്തിന് മുകളിൽ വെച്ച് ടയറുകൾ പൊട്ടി. വാഹനം നിർത്താൻ നിർബന്ധിതരായതോടെ ആകമരണം തുടങ്ങുകയായായിരുന്നു’ - ശ്യാം കൂട്ടിച്ചേർത്തു.
ചാന്ദ് മിയയെയും ഗുഡ്ഡു ഖാനെയും അക്രമികൾ ട്രക്കിൽ നിന്ന് വലിച്ചിട്ടതായി ആശുപത്രിയിൽ കഴിയുന്ന സദ്ദാം പറയുന്നു. മിയ സംഭവസ്ഥലത്തുവെച്ചും ഗുഡ്ഡു ഖാൻ മഹാസമുന്ദ് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെയും മരണത്തിനു കീഴടങ്ങി. ഗുരുതര പരിക്കേറ്റ സദ്ദാം റായ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.