അസമിൽ രണ്ട് മുസ്‍ലിം സഹോദരങ്ങളെ ഫോറസ്റ്റ് ഗാർഡ് വെടിവെച്ചു കൊന്നു

ഗുവാഹതി: വന്യജീവി സങ്കേതത്തിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് അസമിൽ രണ്ട് മുസ്‍ലിം സഹോദരങ്ങളെ ഫോറസ്റ്റ് ഗാർഡ് വെടിവെച്ചു കൊന്നു. അസമിലെ നാഗോൺ ജില്ലയിലെ ദിംഗ്ബാരി ചപാരി ഗ്രാമവാസികളായ സമറുദ്ദീൻ (35), അബ്ദുൽജലീൽ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇരുവരും പതിവുപോലെ റൗമാരി ബീൽ തണ്ണീർത്തടത്തിൽ മറ്റ് ഗ്രാമീണർക്കൊപ്പം മീൻപിടിക്കാൻ പോയ​പ്പോഴാണ് ക്രൂരതക്ക് ഇരയായത്.

ലൗഖോവ വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വെടിയേറ്റ ഇരുവരെയും മണിക്കൂറുകൾക്ക് ശേഷമാണ് വനംവകുപ്പ് നാഗോൺ സിവിൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അനുവാദമില്ലാതെ വന്യജീവി സങ്കേതത്തിലേക്ക് കടക്കാൻ ശ്രമിച്ച ഇരുവരെയും വനംവകുപ്പ് ഗാർഡ് തടഞ്ഞതായും അനുസരിക്കാത്തതിനെ തുടർന്ന് ആത്മരക്ഷാർഥം വെടിയുതിർത്തതാണെന്നും​ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ, വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് തദ്ദേശവാസികളുടെയും വനമേഖലയിൽ താമസിക്കുന്നവരുടെയും കൂട്ടായ്മയായ സിഎൻഎപിഎ (കമ്മ്യൂണിറ്റി നെറ്റ്‌വർക്ക് എഗെയ്ൻസ്റ്റ് പ്രൊട്ടക്റ്റഡ് ഏരിയാസ്) ചൂണ്ടിക്കാട്ടി. സായുധരായ ഫോറസ്റ്റ് ഗാർഡുകൾ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാ ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും കൂടെയുള്ളവർ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും സി.എൻ.എ.പി.എ പ്രസ്താവനയിൽ പറഞ്ഞു.

സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാരും സാമൂഹിക പ്രവർത്തകരും കൊലപാതകത്തെ അപലപിക്കുകയും പൊലീസ് വാദത്തെ തള്ളുകയും ചെയ്തു. ബലപ്രയോഗം നടത്തിയ ഫോറസ്റ്റ് ഗാർഡ്, സ്വയം പ്രതിരോധമല്ല വ്യാജ ഏറ്റുമുട്ടലാണ് നടത്തിയതെന്ന് ഇവർ പറഞ്ഞു.

‘അവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിൽ കാലിൽ വെടിയുതിർത്താൽ പോരേ?’

നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ഇരകളുടെ കുടുംബത്തെ സന്ദർശിച്ച റുപോഹിഹാത്ത് എം.എൽ.എ ഹുറുൽ ഹുദ ആരോപിച്ചു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട അദ്ദേഹം, മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. “അവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിൽ കാലിൽ വെടിയുതിർത്താൽ പോരേ? എന്തിനാണ് പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ കൊന്നത്? ഇതിന് വനംവകുപ്പ് ഉത്തരം നൽകണം. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം’ -കോൺഗ്രസ് നേതാവ് കൂടിയായ ഹുറുൽ ഹുദ പറഞ്ഞു.

വനത്തിൽ താമസിക്കുന്ന മനുഷ്യർ രാജ്യവ്യാപകമായി നേരിടുന്ന തുടർച്ചയായ പീഡനങ്ങളുടെയും നിർബന്ധിത കുടിയിറക്കലിന്റെയും ഉദാഹരണമാണ് ലൗഖോവയിലെ ഇരട്ടക്കൊലയെന്ന് സി.എൻ.എ.പി.എ ചൂണ്ടിക്കാട്ടി. ‘ധിംഗ്ബാരി ചപാരി ഗ്രാമത്തിലുള്ളവർ ഉൾപ്പെടെയുള്ള ഈ സമൂഹങ്ങൾ വന്യജീവികളുമായി സഹവർത്തിത്വം പുലർത്തുന്നവരാണ്. ഉപജീവനത്തിനും സാംസ്കാരിക ആചാരങ്ങൾക്കും വനത്തെയാണ് അവർ ആശ്രയിക്കുന്നത്. എന്നാൽ, വന സംരക്ഷണത്തിന്റെ പേരിൽ അവ​രെ ക്രിമിനലുകളായി മുദ്രകുത്തുകയും കുടിയൊഴിപ്പിക്കുകയും ജീവിതമാർഗം തടസ്സപ്പെടുത്തുകയും അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു’ സി.എൻ.എ.പി.എ പ്രസ്താവനയിൽ പറഞ്ഞു.

പൊലീസ് വാദം ആവർത്തിച്ച് മുഖ്യമന്ത്രി

സ്വയം പ്രതിരോധത്തിനായി ഗാർഡ് വെടിയുതിർത്തതാണെന്ന പൊലീസ് വാദം അതേപടി ആവർത്തിക്കുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതായും അദ്ദേഹം എക്‌സിൽ കുറിച്ചു. “ഇന്നലെ രാത്രി സുത്രിപാർ ഗ്രാമത്തിൽ നിന്നുള്ള വ്യക്തികൾ ലൗഖോവ-ബുരാചാപരി റിസർവ് ഫോറസ്റ്റിലേക്ക് അതിക്രമിച്ചു കയറി. പട്രോളിങ് ഫോറസ്റ്റ് ഗാർഡുകളുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയം പ്രതിരോധത്തിനായി ഒരു ഗാർഡ് വെടിയുതിർക്കുകയും സമറുദ്ദീൻ (35), അബ്ദുൽ ജലീൽ (40) എന്നിവരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ അസം ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്’ -എന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. 

Tags:    
News Summary - Two Muslim men shot dead by forest guards in Assam; probe ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.