ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ രോഷമേറ്റുവാങ്ങിയ പെൻഷൻ പദ്ധതിയിലും ചുവടുമാറ്റിയ മോദി സർക്കാറിനെ യൂടേണുകളുടെ സർക്കാറെന്ന് പരിഹസിച്ച് കോൺഗ്രസ്. യു.പി.എസ് (യൂനിഫൈഡ് പെൻഷൻ സ്കീം) എന്ന പേരിലെ ‘യു’വും യൂടേണിനെ കുറിക്കുന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജൂൺ നാലിനുശേഷം ജനങ്ങളുടെ അധികാരം പ്രധാനമന്ത്രിയുടെ അധികാരത്തിന്റെ അഹങ്കാരത്തെ അതിജയിച്ചിരിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു. ബജറ്റിലെ ഇൻഡക്സേഷൻ പിൻവലിച്ചതും വഖഫ് ബിൽ ജെ.പി.സിക്ക് അയച്ചതും ബ്രോഡ്കാസ്റ്റ് ബിൽ തിരിച്ചുവിളിച്ചതും കേന്ദ്ര സർവിസിലെ ലാറ്ററൽ എൻട്രിയിൽനിന്നുള്ള പിന്മാറ്റവും യൂടേണുകളുടെ സമീപകാല ഉദാഹരണങ്ങളായി ഖാർഗെ എണ്ണി.
സ്വേച്ഛാധികാര സർക്കാറിനെ ഉത്തരവാദിത്തമുള്ളവരാക്കുമെന്നും 140 കോടി ഇന്ത്യക്കാരെ അവരിൽനിന്ന് സംരക്ഷിക്കുമെന്നും തങ്ങൾ ഉറപ്പുവരുത്തുമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ പ്രഭാതത്തിലും കോൺഗ്രസ് നുണകളുമായി വരികയാണെന്ന് ബി.ജെ.പി ഇതിനോട് പ്രതികരിച്ചു.
ജമ്മു -കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾകൂടി മുന്നിലെത്തിയപ്പോഴാണ് തങ്ങൾ കൊണ്ടുവന്ന ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്) ജീവനക്കാരുടെ രോഷത്തിനിടയാക്കിയെന്ന് കണ്ട് പുതിയ പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ശനിയാഴ്ച അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.