ന്യൂഡൽഹി: സംഘടനകൾക്ക് പുറമെ വ്യക്തികൾക്കും ഭീകരമുദ്ര ചാർത്തുന്ന നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമത്തിെൻറ (യു.എ.പി.എ) വിവാദ ഭേദഗതി രാജ്യസഭയും കടന്നു. കോൺഗ്രസും ബി.ജെ.പിയും ഒന്നിച്ചാണ് നിയമം പാസാക്കിയത്. ദുരുപയോഗ സാധ്യതയുള്ളതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ വിവാദ വ്യവസ്ഥകൾ അടങ്ങിയ ബിൽ രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടാൻ മറ്റു പ്രതിപക്ഷ കക്ഷികൾക്കൊപ്പം വോട്ടു െചയ്തതിന് തൊട്ടുപിറകെയാണ് ബിൽ പാസാക്കാനായി ഭരണകക്ഷിക്കൊപ്പം കോൺഗ്രസ് വോട്ടു ചെയ്തത്. 42നെതിരെ 147 വോട്ടിെൻറ ഭൂരിപക്ഷത്തിന് രാജ്യസഭ പാസാക്കിയ ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ ഒപ്പ് ലഭിച്ചാൽ മതി.
ജൂലൈ 24ന് ലോക്സഭയിൽ ബിൽ പാസാക്കിയപ്പോൾ എതിർപ്പ് പ്രകടിപ്പിച്ച കോൺഗ്രസും സി.പി.എമ്മും വോെട്ടടുപ്പിൽ പെങ്കടുക്കാതെ ഇറങ്ങിപ്പോകുകയാണ് ചെയ്തത്. വോെട്ടടുപ്പ് ആവശ്യപ്പെട്ട അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീന് പുറമെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്, നാഷനൽ കോൺഫറൻസ്, ഓൾ ഇന്ത്യാ യുനൈറ്റഡ് െഡമോക്രാറ്റിക് ഫ്രണ്ട് എന്നീ മുസ്ലിം സംഘടനകൾ മാത്രമാണ് അന്ന് ലോക്സഭയിൽ എതിർത്ത് വോട്ടുചെയ്തത്.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകരും മുൻ കേന്ദ്രമന്ത്രിമാരും അടക്കം കോൺഗ്രസിെൻറ ഉന്നത നേതാക്കളുള്ള രാജ്യസഭയിൽ വിവാദ ഭേദഗതികളോടുള്ള എതിർപ്പ് പ്രസംഗങ്ങളിലൊതുങ്ങി. അതേസമയം, സി.പി.എം വോെട്ടടുപ്പ് ആവശ്യപ്പെട്ട് എതിർത്ത് വോട്ടു ചെയ്തു. മുസ്ലിം ലീഗ് ലോക്സഭയിലെ നിലപാട് ആവർത്തിച്ച് രാജ്യസഭയിലും എതിർത്ത് വോട്ടുചെയ്തു. ഇവരെ കൂടാതെ സി.പി.ഐ, ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, തെലുഗുദേശം പാർട്ടി, എം.ഡി.എം.കെ, എൻ.സി.പി, പി.ഡി.പി, എസ്.പി തുടങ്ങി മറ്റു പ്രതിപക്ഷ പാർട്ടികളും ബില്ലിനെതിരെ വോട്ടുചെയ്തു. കേരളത്തിൽനിന്നുള്ള സി.പി.എം എം.പിമാരായ എളമരം കരീമും കെ.കെ. രാഗേഷും സോമ പ്രസാദും സി.പി.െഎ എം.പി ബിനോയ് വിശ്വവും മുസ്ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബും ബില്ലിനെ എതിർത്ത് വോട്ടു ചെയ്തപ്പോൾ ഇടത് മുന്നണിയിലെ വീരേന്ദ്രകുമാറും െഎക്യമുന്നണിയിലെ ജോസ് കെ. മാണിയും രാജ്യസഭയിൽ വന്നില്ല.
ബില്ലിനെ തങ്ങൾ എതിർക്കുന്നില്ലെന്നും വ്യവസ്ഥകൾ ശക്തമാക്കണമെന്ന സർക്കാർ നിലപാട് അംഗീകരിക്കുകയാണെന്നും രണ്ട് വ്യവസ്ഥകളോടു മാത്രമാണ് വിേയാജിപ്പെന്നും യു.എ.പി.എ നിയമം കൊണ്ടുവന്ന മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു. തുടർന്ന് ബിൽ സെലക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രതിപക്ഷത്തിെൻറ പ്രമേയമാണ് ചെയർമാൻ വെങ്കയ്യ നായിഡു ആദ്യം വോട്ടിനിട്ടത്. സി.പി.എമ്മിെൻറ കെ.കെ. രാഗേഷ്, ഡി.എം.കെയുടെ തിരുച്ചി ശിവ, എം.ഡി.എം.കെയുടെ ൈവകോ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
വിവാദ ഭേദഗതികൾ ഭീകരപട്ടം
● നിലവിൽ- സംഘടനക്ക് മാത്രമാണ് ഭീകരപട്ടം ചുമത്തുക.
● ഭേദഗതി - ഇനി വ്യക്തികൾക്കും ഭീകരപട്ടം ചുമത്തും
സ്വത്തു കണ്ടുകെട്ടൽ
● നിലവിൽ- ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ഒരാളുടെ സ്വത്ത് കണ്ടുകെട്ടാൻ ബന്ധപ്പെട്ട സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ അനുമതി ആവശ്യമാണ്
● ഭേദഗതി - കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എൻ.െഎ.െഎ മേധാവിക്ക് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട ഒരാളുടെ സ്വത്ത് കണ്ടുകെട്ടാൻ ബന്ധപ്പെട്ട സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ അനുമതി ആവശ്യമില്ല.
അന്വേഷണ ചുമതല
● നിലവിൽ- ഭീകര കേസുകൾ അന്വേഷിക്കേണ്ടത് ഡിവൈ.എസ്.പി, അസിസ്റ്റൻറ് പൊലീസ് കമീഷണർ റാങ്കിൽ കുറയാത്ത പദവിയുള്ളവരാണ്.
● ഭേദഗതി - ഇൻസ്പെക്ടർ റാങ്ക് മുതലുള്ളവർക്കും ഭീകര കേസുകൾ അന്വേഷിക്കാം
പ്രക്രിയ
ഭീകരപ്രവർത്തനം നടത്തി എന്ന് സർക്കാർ കരുതുന്ന ഒരാളെ അന്വേഷണം പൂർത്തിയാക്കാതെയും കുറ്റപത്രം സമർപ്പിക്കാതെയും വിചാരണയും വിധിയുമില്ലാതെയും ഭീകരനായി പ്രഖ്യാപിക്കാം. അങ്ങനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരാളെ ഭീകരപട്ടികയിൽെപ്പടുത്തി വിജ്ഞാപനമിറക്കിയാൽ ആ വ്യക്തി പരാതിയുമായി അതേ മന്ത്രാലയത്തെ സമീപിക്കണം.45 ദിവസത്തിനകം മന്ത്രാലയം ആ പരാതിയിൽ തീർപ്പു കൽപിക്കണം. മന്ത്രാലയം ഭീകരനാണെന്ന നിലപാടിലുറച്ചുനിന്നാൽ പിന്നീട് ആ വ്യക്തി റിവ്യൂ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണം.
അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി വീരേന്ദ്ര കുമാറും ജോസ് കെ. മാണിയും
ന്യൂഡൽഹി: മുത്തലാഖ് ബിൽ പോലെ രാജ്യം ഉറ്റുനോക്കുന്ന പ്രധാന നിയമ നിർമാണമായ യു.എ.പി.എ ബില്ലിലും കേരളത്തിലെ ഇരുമുന്നണികളിലെയും രണ്ട് എം.പിമാർ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി. ഇടതുമുന്നണിയിലെത്തിയ ലോക്താന്ത്രിക് ജനതാദൾ നേതാവ് എം.പി വീരേന്ദ്ര കുമാറും െഎക്യമുന്നണിയിലെ കേരള കോൺഗ്രസ് അംഗം ജോസ് കെ. മാണിയുമാണ് നിർണായക വോെട്ടടുപ്പിൽ രാജ്യസഭയിൽ വരാതിരുന്നത്. എൻ.സി.പിയുടെ ശരദ് പവാർ, പ്രഫുൽ പേട്ടൽ, സമാജ്വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ് തുടങ്ങിയ പല പ്രമുഖരും വോെട്ടടുപ്പിന് വന്നില്ല. കോൺഗ്രസിനൊപ്പം ബി.എസ്.പിയും ബി.ജെ.പിയുടെ നിയമ ഭേദഗതിയെ അനുകൂലിച്ചു.
ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭീകര നിയമത്തെ പിന്തുണച്ചതിലൂടെ ആർ.എസ്.എസിെൻറ തീവ്ര ഹിന്ദുത്വത്തിന് മുന്നിൽ കീഴടങ്ങുന്ന മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും ഇതിലൂടെ കോൺഗ്രസ് ഇന്ത്യൻ ജനതയെ വഞ്ചിച്ചുവെന്നും സി.പി.എം കുറ്റപ്പെടുത്തി. സർക്കാറിന് തോന്നിയാൽ ഏത് പൗരനെയും ഭീകരനാക്കാവുന്ന നിയമ നിർമാണമാണിതെന്ന് സി.പി.എം നേതാവും രാജ്യസഭ അംഗവുമായ എളമരം കരീം ചൂണ്ടിക്കാട്ടി. യു.എ.പി.എ നിലവിൽ തന്നെ പ്രയോഗിച്ചത് മതന്യൂനപക്ഷങ്ങൾക്കും വിശിഷ്യാ മുസ്ലിംകൾക്കും ദലിത് ആദിവാസികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെയാണ്. നിരപരാധികളെ മാവോയിസ്റ്റുകളെന്നും ഭീകരരെന്നും പറഞ്ഞ് അറസ്റ്റ് ചെയ്യുേമ്പാൾ നിരന്തരം കൊലപാതകങ്ങളിലേർപ്പെടുന്ന ആർ.എസ്.എസ് അനുകൂല സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കാനോ അവരുടെ പേരിൽ യു.എ.പിഎ ചുമത്താനോ ബി.ജെ.പി തയാറായിട്ടിെല്ലന്നും കരീം പറഞ്ഞു.
വ്യക്തിയെ ഭീകരനാക്കുന്നത് ഭരണഘടന നൽകിയ മൗലികാവകാശത്തിന് എതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് രാജ്യസഭയിൽ പറഞ്ഞു. ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്ന തരത്തിൽ നിയമം ദുരുപയോഗം ചെയ്യരുതെന്ന് ഭരണകൂടം ഉറപ്പുവരുത്തണം. നിരവധി നിരപരാധികളെ ജയിലിലടച്ച് ദേശ സുരക്ഷാ നിയമവും യു.എ.പി.എയും അവർക്ക് മേൽ ചുമത്തിയിരിക്കുകയാണ്. ദേശസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയരുതെന്ന് വഹാബ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.