ന്യൂഡൽഹി: കാർ യാത്രക്കിടെ സി.എ.എ സമരത്തെക്കുറിച്ച് ഫോണിൽ സംസാരിച്ച കവിയെ പൊലീസിൽ ഏൽപ്പിച്ച ഡ്രൈവറുടെ സസ് പെൻഷൻ ഉബർ പിൻവലിച്ചു. 72 മണിക്കൂർ സസ്പെൻഷൻ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് പിൻവലിച്ചത്. ഡ്രൈവറെ ക്ലാസിനയക് കുമെന്നും കൂടുതൽ മാന്യമായി ഉപഭോക്താക്കളോട് പെരുമാറാൻ ഇത് ഡ്രൈവറെ സഹായിക്കുമെന്നും ‘ഉബർ’ പ്രതികരിച്ചു.
ഫെബ്രുവരി അഞ്ചിനാണ് യാത്രക്കിടെ ഫോണിൽ സുഹൃത്തുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ കുറിച്ച് സംസാരിച്ച ജയ്പൂരിൽനിന്ന് എത്തിയ യുവകവി ബാപ്പാദിത്യ സർ ക്കാറിനെ ഉബർ ഡ്രൈവർ രോഹിത് ഗൗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
രാജ്യമാകെ ഷാഹീൻബാഗ് ആക്കുമെന്നും തീ പടർത്തുമെന്നും ബാപ്പാദിത്യ ഫോണിൽ സംസാരിക്കുന്നത് കേട്ടെന്നുപറഞ്ഞാണ് ഡ്രൈവർ പൊലീസിനെ സമീപിച്ചത്. സംഭാഷണം റെക്കോഡ് ചെയ്തത് ഡ്രൈവർ പൊലീസിന് നൽകിയിരുന്നു. ജൂഹുവിൽനിന്ന് കുർളയിലേക്കുള്ള യാത്രക്കിടെ എ.ടി.എമ്മിൽനിന്ന് പണമെടുക്കാനെന്ന വ്യാജേന ഡ്രൈവർ സാന്താക്രൂസ് പൊലീസ് സ്റ്റേഷനു മുന്നിൽ കാർ നിർത്തുകയായിരുന്നു.
രണ്ട് പൊലീസുകാർക്കൊപ്പമാണ് ഡ്രൈവർ തിരിച്ചെത്തിയത്. രണ്ട് മണിക്കൂറിലേറെ പൊലീസ് തന്നെ ചോദ്യം ചെയ്തതായി ബാപ്പാദിത്യ പറഞ്ഞു. കുറ്റകരമായ ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
ഡ്രൈവറെ മുംബൈ ബി.ജെ.പി ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.