മുംബൈ: ശിവസേന ഒരിക്കലും ഹിന്ദുത്വയെ കൈവിട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. എ.എൽ.എമാർ ആഗ്രഹിക്കുന്നുവെങ്കിൽ രാജിവെക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയിലെ ഒരു വിഭാഗം എ.എൽ.എമാർ വിമതസ്വരമുയർത്തി രംഗത്തുവന്നത് സർക്കാറിന്‍റെ ഭാവിയെ തന്നെ തുലാസിലാക്കിയ സാഹചര്യത്തിലാണ് ഉദ്ധവിന്‍റെ പ്രസ്താവന.
'ഹിന്ദുത്വ ഞങ്ങളുടെ ഓരോ ശ്വാസത്തിലുമുണ്ട്. അതിനെ ഞങ്ങളിൽ നിന്ന് വേർപ്പെടുത്താനാവില്ല. ഹിന്ദുത്വക്ക് വേണ്ടി ആര് എന്തൊക്കെ ചെയ്തു എന്ന് പറയാനുള്ള സമയമല്ല ഇത്. ബാലാസാഹേബ് മുന്നോട്ടുവെച്ച ഹിന്ദുത്വ ആശയത്തെ മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് ശ്രമിക്കുന്നത്. ശിവസൈനികർ തനിക്കൊപ്പമുള്ള കാലത്തോളം ഭയക്കാനില്ല. എ.എൽ.എമാർ ആഗ്രഹിക്കുന്നുവെങ്കിൽ രാജിവെക്കാൻ തയാറാണ്' -ഉദ്ധവ് പറഞ്ഞു.
ഞാൻ മുഖ്യമന്ത്രിയായി തുടരുന്നത് ഏതെങ്കിലുമൊരു എം.എൽ.എ പോലും ആഗ്രഹിക്കുന്നില്ലെങ്കിൽ വേർഷാ ബംഗ്ലാവിലെ (മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി) എല്ലാ വസ്തുക്കളുമെടുത്ത് മാതോശ്രീയിലേക്ക് (ഉദ്ധവിന്‍റെ വസതി) മാറാൻ തയാറാണ്. കോൺഗ്രസോ എൻ.സി.പിയോ ആണ് ഞാൻ മുഖ്യമന്ത്രിയായി തുടരരുത് എന്ന് അഭിപ്രായപ്പെട്ടിരുന്നതെങ്കിൽ അത് മനസിലാക്കാമായിരുന്നു. എന്നാൽ ഇപ്പോൾ എന്‍റെ സ്വന്തം ആളുകൾ തന്നെ ഇത്തരമൊരു അഭിപ്രായമുയർത്തിയത് ഞെട്ടിച്ചു. ഇന്നലെ ചർച്ച നടത്തിയ കോൺഗ്രസ് നേതാവ് കമൽനാഥ് പോലും പറഞ്ഞത് ഞാൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് -ഉദ്ധവ് പറഞ്ഞു.
ഏക്നാഥ് ഷിൻഡെക്കൊപ്പം പോയ എം.എൽ.എമാരിൽ പലരും തന്നെ വിളിച്ചിരുന്നു. നിർബന്ധിച്ച് കൊണ്ടുപോയതാണെന്നാണ് പലരും പറഞ്ഞത്. രാജിക്കത്ത് താൻ തയാറാക്കി വെച്ചിട്ടുണ്ട്. രാജിവെക്കണമെന്ന് എം.എൽ.എമാരിൽ ആരെങ്കിലും ഒരാൾ മുന്നിൽ വന്ന് പറയുകയാണെങ്കിൽ രാജിവെക്കും -ഉദ്ധവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.