മുംബൈ: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നിയമ സംവിധാനത്തെ നിയന്ത്രിക്കുവാൻ ശ്രമിക്കുകയാണെന്ന് ഉദ്ധവ് താക്കറെ. ഛത്രപതി സമ്പാജി നഗറിൽ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ ആദ്യ സംയുക്ത റാലിയിൽ സംസാരിക്കുകയായിരുന്നു താക്കറെ.
ഇസ്രായേലിൽ എന്താണ് സംഭവിച്ചതെന്ന് അവർ ശ്രദ്ധിക്കണം. മോദിയുടെ സുഹൃത്ത് നെതന്യാഹു ചിലത് ചെയ്യാൻ ശ്രമിച്ചു. ജനങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിന് പിൻവലിക്കേണ്ടി വന്നു. -താക്കറെ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ ജുഡീഷ്യറിയെ അഴിച്ചു പണിയാൻ നിർദേശിച്ചതും പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതുമാണ് താക്കറെ സൂചിപ്പിച്ചത്.
ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇവിടെ ജനങ്ങൾ പ്രധാനമന്ത്രിയെ നിയന്ത്രിക്കണം. ആരാണ് മോദിയുടെ പ്രതിഛായ തകർക്കാൻ ശ്രമിക്കുന്നത്? അന്വേഷണ ഏജൻസികൾ എല്ലാ പ്രതിപക്ഷ നേതാക്കളെയും ചോദ്യം ചെയ്യുകയാണ്. അവരെയെല്ലാം അഴിമതിക്കാരെന്ന് വിളിക്കുന്നു. ബി.ജെ.പി എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ആരും അവരെ ചോദ്യം ചെയ്യരുതെന്ന് അവർ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിയോട് ചോദ്യം ചോദിച്ചാൽ, മുഴവൻ പിന്നാക്ക വിഭാഗവും ആക്രമിക്കപ്പെട്ടുവെന്ന് അവർ പറയും. അപ്പോൾ പ്രതിപക്ഷം എന്തു ചെയ്യും? -താക്കറെ ചോദിച്ചു.
ആർക്കുമുന്നിലും കാണിക്കാൻ പറ്റാത്ത എന്ത് ബിരുദമാണ് പ്രധാനമന്ത്രി നേടിയത്? പ്രധാനമന്ത്രിയെ വിടൂ, തങ്ങളുടെ കോളജിൽ പഠിച്ചുപോയയാൾ പ്രധാനമന്ത്രിയായതിൽ കോളജിന് അഭിമാനം തോന്നുന്നില്ലേ? ഞാൻ മുഖ്യമന്ത്രിയും എൻ.സി.പിയിലെ ജയന്ത് പാട്ടീൽ മന്ത്രിയുമായപ്പോൾ ഞങ്ങൾ മുമ്പ് പഠിച്ച ബൽമോഹൻ വിദ്യാമന്ദിർ ആദരിച്ചു. കാരണം അവർ അത് സ്ഥാപനത്തിന്റെ അഭിമാന മുഹൂർത്തമായി കണ്ടു -താക്കറെ പറഞ്ഞു.
ശിവ സേന ഉദ്ധവ് താക്കറെ വിഭാഗം, കോൺഗ്രസ്, എൻ.സി.പി എന്നിവരുൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയിലുടനീളം ചെറു റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
എങ്ങനെയാണ് സഖ്യ സർക്കാറിനെ തള്ളിയിട്ട് ഏക്നാഥ് ഷിൻഡെ വിഭാഗം ബി.ജെ.പിയോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചതെന്ന് വിശദീകരിക്കാനാണ് റാലി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.