ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ മകനും നടനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉടൻ തന്നെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തമിഴ്നാട് മന്ത്രി തമോ അംബരശനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നാളെയോ ഏഴോ പത്തോ ദിവസത്തിനുള്ളിലോ പ്രഖ്യാപനമുണ്ടാകുമെന്നും ഡി.എം.കെ നേതാവ് വ്യക്തമാക്കി.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍റെ വജ്രജൂബിലിയുടെ ഭാഗമായുള്ള പൊതുസമ്മേളനം സെപ്റ്റംബർ 28ന് കാഞ്ചിപുരത്ത് നടത്താനാണ് പദ്ധതിയിടുന്നത്. കാഞ്ചിപുരം പച്ചായപ്പാസ് കോളജ് ഓഫ് മെൻ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക.
ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍റെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിയിൽ ഘടകകക്ഷി നേതാക്കൾ പങ്കെടുത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യും. കാഞ്ചിപുരം നോർത്ത്, സൗത്ത് ജില്ലകളാണ് പൊതുസമ്മേളനത്തിന്‍റെ സംഘാടകരെന്നും തമോ അംബരശൻ വ്യക്തമാക്കി.
അതേസമയം, സെപ്റ്റംബർ ആറിന് ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ഉയർത്തുമോയെന്ന ചോദ്യത്തോട് എം.കെ. സ്റ്റാലിൻ പ്രതികരിച്ചിരുന്നു. 'ഉദയനിധി ഉയർന്നുവരേണ്ടതുണ്ട്, പക്ഷേ സമയമായിട്ടില്ല' എന്നാണ് സ്റ്റാലിൻ മറുപടി നൽകിയത്. വിഷയത്തിൽ കൂടുതൽ വിശദീകരണത്തിന് സ്റ്റാലിൻ തയാറായതുമില്ല.
സ്റ്റാലിൻ സർക്കാരിൽ കായിക-യുവജനക്ഷേമ മന്ത്രിയായ ഉദയനിധി, ചെന്നൈ മെട്രോ റെയിൽ ഫേസ്-2 അടക്കം പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നതിന്റെ പ്രധാന ചുമതലയും കൈകാര്യം ചെയ്യുന്നുണ്ട്. ഡി.എം.കെയുടെ യുവജനവിഭാഗം പ്രസിഡന്റായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ് സിനിമ താരം വിജയ്‌യുടെ പ്രവേശനത്തെ ചെറുക്കാനുള്ള സുപ്രധാന നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.