ഇരുളടഞ്ഞ് ഭാവി; ഡൽഹിയിൽ യുക്രെയ്ൻ മെഡിക്കൽ വിദ്യാർഥിസമരം

ന്യൂഡൽഹി: യുദ്ധകലുഷിതമായ യുക്രെയ്നിൽനിന്ന് പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുവരേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾ ഡൽഹിയിൽ പ്രതിഷേധസമരം നടത്തി. ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ തുടർപഠനത്തിന് പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. അക്കാദമിക വർഷം നഷ്ടപ്പെടുന്നതിനാൽ ഒറ്റത്തവണ പരിഹാരമെന്ന നിലയിൽ തങ്ങൾക്ക് അഡ്മിഷൻ നൽകണമെന്ന് നാഷനൽ മെഡിക്കൽ കമീഷനു മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഡൽഹിക്കുപുറമെ യു.പി, ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരായിരുന്നു പ്രതിഷേധത്തിലുണ്ടായിരുന്നത്.

യുദ്ധം തുടരുന്നതിനാൽ തങ്ങളുടെ ഭാവി തികഞ്ഞ അനിശ്ചിതത്വത്തിലാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. യുദ്ധം എന്ന് അവസാനിക്കുമെന്ന് അറിയില്ല. വലിയ തുക മുടക്കിയാണ് രക്ഷിതാക്കൾ വിദേശ പഠനത്തിന് അയച്ചത്. ഭീമമായ വായ്പ എടുത്തവരാണ് ഏറെയും. പഠനം തുടരാൻ കഴിഞ്ഞില്ലെങ്കിൽ, മുന്നോട്ടുള്ള വഴി ഇരുളടയും. സർക്കാർ ഇക്കാര്യത്തിൽ പ്രായോഗിക പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്.

അന്താരാഷ്ട്രതലത്തിൽ ഉണ്ടായ പ്രശ്നത്തിന് കുട്ടികൾ ഉത്തരവാദികളല്ല. പ്രശ്നച്ചുഴിയിലായവർക്ക് മുന്നോട്ടുള്ള വഴി കാണിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. യുദ്ധം ഉടൻ അവസാനിച്ചാൽപോലും പഠനസാഹചര്യം രൂപപ്പെടുത്താൻ സർവകലാശാലകൾക്ക് ഏറെ സമയം വേണ്ടിവരും. ഭാവിയിൽ ഡോക്ടർമാരാകേണ്ട മെഡിക്കൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം പ്രയോജനപ്പെടില്ലെന്ന് യുക്രെയ്ൻ മെഡിക്കൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ രൂപംനൽകിയ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

എം.ബി.ബി.എസ് വിദ്യാർഥികളുടെ രക്ഷിതാക്കൾ ഏപ്രിലിൽ ജന്തർമന്തറിൽ പ്രതിഷേധം നടത്തിയിരുന്നു. ഇന്ത്യയിൽ പഠനം തുടരാൻ അവസരം നൽകണമെന്ന് സർക്കാറിനോട് നിർദേശിക്കണമെന്ന പൊതുതാൽപര്യ ഹരജി മാർച്ചിൽ സുപ്രീംകോടതി മുമ്പാകെ എത്തിയതാണ്. ഒറ്റത്തവണ നടപടിയെന്ന നിലയിൽ ഇന്ത്യൻ മെഡിക്കൽ കോളജുകളിൽ ഈ വിദ്യാർഥികൾക്ക് പഠനാവസരം നൽകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

Tags:    
News Summary - Ukraine medical student protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.