ന്യൂഡൽഹി: അനൗപചാരിക തൊഴിൽ മേഖലയിലെ പുതിയ തൊഴിലാളികളുടെ ആദ്യ മൂന്ന് വർഷങ്ങളിലെ 12 ശതമാനം ഇ.പി.എഫ് വിഹിതം സർക്കാർ അടക്കുന്നതിനുള്ള ബജറ്റ് നിർദേശം കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകരിച്ചു. ഒരു കോടിയോളം തൊഴിലാളികൾക്ക് ഇത് പ്രയോജനപ്പെടുമെന്ന് തൊഴിൽമന്ത്രി സന്തോഷ് ഗാങ്വാർ പറഞ്ഞു. പ്രതിവർഷം ഖജനാവിൽനിന്ന് 10,000 കോടിരൂപ വരെ ഇതിനായി ചെലവാകും.
വടക്കു കിഴക്കൻ, പർവത മേഖല സംസ്ഥാനങ്ങളിലെ കേന്ദ്രപദ്ധതികൾക്കുള്ള കേന്ദ്ര സംസ്ഥാന വിഹിതത്തിൽ മാറ്റം വരുത്താനും തീരുമാനിച്ചു. കേന്ദ്രം 90 ശതമാനം, സംസ്ഥാനം 10 ശതമാനം എന്നായിരുന്നു ഇതുവരെയുള്ള അനുപാതം. ഇനി മുഴുവൻ ചെലവും കേന്ദ്രം വഹിക്കും.
വാർഷിക വരുമാനം നാലര ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രഫഷനൽ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് പലിശ സബ്സിഡി കേന്ദ്രം വഹിക്കുന്ന പദ്ധതിക്കായി 2020 വരെയുള്ള വർഷങ്ങളിലേക്ക് 2,200 കോടി രൂപ വകയിരുത്തി. 10 ലക്ഷത്തോളം വിദ്യാർഥികൾ പദ്ധതി പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.