ജയിലിൽ ആയിരം ദിവസം പിന്നിട്ട ഉമർ ഖാലിദിന് ഐക്യദാർഢ്യവുമായി ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാർ സംസാരിക്കുന്നു. പ്രഭാത് പട്നായിക്, എസ്.ക്യൂ.ആർ ഇല്യാസ് എന്നിവർ സമീപം

ഉമർ ഖാലിദിനെ ആയിരം ദിവസം ജയിലിലിട്ടത് സാമൂഹിക നഷ്ടം -പ്രഭാത് പട്നായിക്

ന്യൂഡൽഹി​: ഉമർഖാലിദിനെ പോലെ ബുദ്ധിപരമായ ഒൗന്നത്യമുള്ള ഒരു പ്രതിഭയെ ആയിരം നാൾ ജയിലലിലടച്ചത് വ്യക്തിപരമായ നഷ്ടമല്ലെന്നും സാമൂഹിക നഷ്ടമാണെന്നും പ്രഭാത് പട്നായിക് പറഞ്ഞു. സ്വാതന്ത്ര്യ സമരം നയിച്ച നേതാക്കളേക്കാൾ കുടുതൽ ഉമറിനെ പോലുള്ളവർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്തുവെന്ന് പട്നായിക് പറഞ്ഞു.

പൗരത്വ സമരം നയിച്ചതിന് ഡൽഹി കലാപകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരം ദിവസം പിന്നിട്ട ഉമർ ഖാലിദിന് ഐക്യദാർഢ്യവുമായി സുഹൃത്തുക്കളും ഗുണകാംക്ഷികളും ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ‘അനീതിയുടെ ആയിരം ദിനങ്ങൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രഭാത് പട്നായിക്.

നമ്മുടെ രാജ്യത്ത് വലിയ ചിന്തകരും താത്വികരുമായ ജഡ്ജിമാരുണ്ടെങ്കിലും സെമിനാറുകളിൽ കാണുന്ന ചിന്തകളൊന്നും അവരുടെ വിധിപ്രസ്താവനകൾ നോക്കിയാൽ കാണില്ലെന്നും ഡൽഹി സർവകലാശാല പ്രഫസറും രാജ്യസഭാംഗവുമായ മനോജ് ഝാ അഭിപ്രായപ്പെട്ടു. അവരൊക്കെയും തങ്ങളുടെ ചിന്തകൾ സെമിനാറുകളിൽ അവതരിപ്പിക്കുന്നത് കേട്ടാൽ രാജ്യം ഇപ്പോൾ മാറുമെന്ന് തോന്നും. എന്നാൽ അവരുടെ വിധിപ്രസ്താവനകൾ നോക്കിയാൽ തങ്ങളുടെ ചിന്തകളോടുളള സ്നേഹം അതിൽ കാണാനുണ്ടാകില്ല. ഇപ്പോഴുള്ളയാളും ആദ്യമുണ്ടായിരുന്നയാളും അതുപോലെ തന്നെയായിരുന്നു. ഉമർ ഖാലിദിന്റെയും കൂട്ടുകാരായ മീരാൻ ഹൈദറിന്റെയും ശർജീൽ ഇമാമിന്റെയും ഒക്കെ തെറ്റ് എന്താണെന്ന് മനോജ് ഝാ ചോദിച്ചു.

കഴിഞ്ഞ ഒമ്പത് വർഷമായി ഭരണകൂടവും പാർട്ടിയും ഗോദി മീഡിയയും ഐ.ടി സെല്ലും ചേർന്ന് നടത്തുന്ന മാനസികാക്രമണങ്ങളുടെ തുടക്കം ഉമർ ഖാലിദിൽ നിന്നാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ പറഞ്ഞു. ഗോദി മീഡിയയും ഐ.ടി സെല്ലും ഒരു പി.എച്ച്.ഡി വിദ്യാർഥിയെ രാജ്യ​ദ്രോഹിയാണെന്ന് സ്ഥാപിച്ചെടുത്തു. നേരത്തെ തന്നെ സമൂഹത്തിൽ ദുർബലനായ ഒരു മനുഷ്യനെ കൂടുതൽ ദുർബലനാക്കി. നമുക്കിടയിൽ പഠിക്കുകയും എഴുതുകയും ചെയ്തുകൊണ്ടിരുന്ന ഒരു കുട്ടിയെ സംവിധാനം ഇത്രയും തയാറെടുപ്പോടെ നേരിടുമെന്ന് നാമാരും കരുതയിയില്ല. മുമ്പ് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു അതിക്രമങ്ങൾ എങ്കിൽ ഇന്ന് അതിക്രമങ്ങൾ നടത്താനുള്ള നിയമം നിർമിക്കുന്നതിലേക്ക് രാജ്യമെത്തിയെന്നും രവീഷ് ചുണ്ടിക്കാട്ടി.

പാസ്​പോർട്ട് എടുത്താൽ ഉപരിപഠനത്തിനായും കരിയർ മെച്ചപ്പെടുത്താനും രാജ്യം വിട്ട് വിദേശത്ത് പോകുമെന്നും പിന്നീട് തനിക്ക് രാജ്യത്തെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ കഴിയില്ലെന്നും പറഞ്ഞ് ജീവിതത്തിൽ പാസ്​പോർട്ട് എടുക്കാതിരുന്ന മകനാണ് ഉമർ ഖാലിദെന്ന് പിതാവും വെൽഫെയർ പാർട്ടി അഖിലേന്ത്യാ പ്രസിഡന്റുമായി എസ്.ക്യൂ.ആർ ഇല്യാസ് ഓർമിപ്പിച്ചു. ആ ഉമർ പാകിസ്ഥാനിലും ഇറാനിലും ഒക്കെ പോയി എന്ന വ്യാജമാണ് മാധ്യമങ്ങൾ പടച്ചുവിട്ടത്. ഉമറിന്റെ ആയിരം ദിവസത്തെ ജയിൽവാസം ഉമറിന്റെ പോരാട്ടവീര്യം ഏറ്റുകയല്ലായെ കുറച്ചിട്ടില്ലെന്നും ഇല്യാസ് പറഞ്ഞു.

Tags:    
News Summary - Umar Khalid's 1,000-day jail term is a social loss: Prabhat Patnaik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.