യുനൈറ്റഡ് നേഷന്‍സ്: ഭീകരവാദത്തിനെതിരെ ലോക രാജ്യങ്ങളുടെ സംയുക്ത സമ്മേളനം ഉടന്‍ വിളിക്കണമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യ ആവശ്യപ്പെട്ടു. ആണവായുധങ്ങളുടെ വ്യാപനം തടയുന്നത് സംബന്ധിച്ച ആഗോള ചര്‍ച്ച നീണ്ടുപോകുന്നതിലുള്ള പ്രതിഷേധവും ഇന്ത്യ രേഖപ്പെടുത്തി.
മനുഷ്യകുലത്തിനൊന്നാകെ ഭീഷണിയാകുന്ന ആണവായുധങ്ങള്‍ ഭീകരര്‍ കൈകാര്യം ചെയ്യുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ലോകരാജ്യങ്ങള്‍ ഇച്ഛാശക്തി കാണിക്കണമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യന്‍ ഉപസ്ഥിര പ്രതിനിധി തന്‍മയ ലാല്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ടായി ഭീകരവാദത്തിന്‍െറ ഇരയാണ് ഇന്ത്യ. ഭീകരവാദം തടയാന്‍ ലോകരാജ്യങ്ങളെ ഒരുമിച്ച് നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടരും. യു.എന്നിന് കീഴില്‍ 1996 മുതല്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും അനന്തമായി നീണ്ടുപോകുന്നതില്‍ ആശങ്കയുണ്ട്. ലോകരാജ്യങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നത്.
1945 മുതല്‍ ആണവായുധ ഭീഷണി ലോകം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2017 ഫെബ്രുവരിയില്‍ ആഗോളതലത്തില്‍ നടക്കുന്ന ഐ.എ.ജി (ഇംപ്ളിമെന്‍േറഷന്‍ ആന്‍ഡ് അസസ്മെന്‍റ് ഗ്രൂപ്) മീറ്റിങ്ങിന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികള്‍ക്കിടയില്‍ ആണവായുധങ്ങള്‍ വ്യാപനം തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോക രാജ്യങ്ങളോട് യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ ഏലിയേസണും ആവശ്യപ്പെട്ടു.
ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സം ഇന്ത്യയെന്ന് പാകിസ്താന്‍
ഇന്ത്യ- പാക് ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സം ഇന്ത്യ തന്നെയെന്ന് പാകിസ്താന്‍ കുറ്റപ്പെടുത്തി. നിലവാരം കുറഞ്ഞ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളെ ഇന്ത്യ മുടക്കുന്നത്. ബന്ധങ്ങളെ സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ പാകിസ്താന്‍ ശ്രമിക്കുമ്പോഴെല്ലാം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യ തടസ്സം നില്‍ക്കുകയാണെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ ആരോപിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുങ്ങുമ്പോഴെല്ലാം മുട്ടാപ്പോക്ക് ന്യായങ്ങള്‍ നിരത്തി ഇന്ത്യ അതില്‍നിന്ന് ഒഴിഞ്ഞുമാറും. കശ്മീരികളെ അടിച്ചമര്‍ത്തുകയാണ് ഇന്ത്യ ചെയ്യുന്നത്. അതിര്‍ത്തിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ മറച്ചുപിടിക്കുന്നതിന് പാക് കാര്‍ഡ് ഉപയോഗിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ മനോഭാവം അനുസരിച്ചായിരിക്കും 2017ല്‍ ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാവി. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിന് ഇന്ത്യ കൂടുതല്‍ ഗൗരവം കാണിക്കണമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.