ചെരുപ്പ് വാങ്ങാൻ കാശില്ല, കൊടുംചൂടിൽ പ്ലാസ്റ്റിക് കവർ കാലിൽ ചുറ്റി അമ്മയും പിഞ്ചുമക്കളും; മധ്യപ്രദേശിൽനിന്ന് ഉള്ളുലയ്ക്കുന്ന ചിത്രം

ഷിയോപൂർ: 44 ഡിഗ്രിയിൽ ചുട്ടുപൊള്ളുന്ന വെയിലിൽ വെന്തുരുകുന്ന ടാർ റോഡ്. അന്നം തേടി തന്നോടൊപ്പം നടക്കുന്ന കുഞ്ഞുങ്ങളുടെ നഗ്നപാദങ്ങൾ പൊള്ളിപ്പൊളിയുന്നത് കണ്ടുനിൽക്കാൻ ആ അമ്മയ്ക്കായില്ല. പരിസരത്ത് കണ്ട പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് കുഞ്ഞുപാദങ്ങൾ പൊതിഞ്ഞുകെട്ടി നടത്തം തുടർന്നു. മധ്യപ്രദേശിലെ ഷിയോപൂരിലാണ് ഈ ഉള്ളുലക്കുന്ന സംഭവം. റോഡിൽ അവിചാരിതമായി കണ്ട കണ്ണുനനയ്ക്കുന്ന ഈ രംഗം ഫോട്ടോജേണലിസ്റ്റ് ഇൻസാഫ് ഖുറൈഷി പകർത്തിയതോടെ സോഷ്യൽമീഡിയയിൽ വൈറലായി.

രുഗ്മിണി എന്ന ആദിവാസി സ്ത്രീയും മൂന്നുകുട്ടികളുമാണ് വിശപ്പടക്കാൻ പൊരിവെയിലിൽ പോളിത്തീൻ കവർ കാലിൽ ചുറ്റി നടന്നത്. മേയ് 21നാണ് ഇവർ ഇൻസാഫിന്റെ കാമറയിൽ പതിഞ്ഞത്. രുഗ്മിണിയുടെ ദുരവസ്ഥയിൽ വേദനിച്ച ഖുറൈഷി ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യുക മാത്രമല്ല, പാദരക്ഷകൾ വാങ്ങാൻ പണം നൽകി സഹായിക്കുകയും ചെയ്തു.

സഹരിയ എന്ന ​ഗോത്ര വിഭാഗത്തിൽപ്പെട്ട രുഗ്മിണിയുടെ ഭർത്താവ് ക്ഷയരോഗബാധിതനായതോടെയാണ് കുടുംബത്തിന്റെ ദുരിതം തുടങ്ങിയത്. ഭർത്താവിന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ രുഗ്മിണി ജോലി തേടി നഗരത്തിൽ എത്തുകയായിരുന്നു. മക്കളെ നോക്കാൻ ആരുമില്ലാത്തതിനാലാണ് അവരെയും കൂടെ കൂട്ടിയത്.

സംഭവം വൈറലായതോടെ സഹായവാഗ്ദാനവുമായി ജില്ലാ ഭരണകൂടം രംഗത്തുവന്നിട്ടുണ്ട്. “സംഭവം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രസ്തുത കുടുംബത്തിന്റെ വിവരങ്ങൾ ശേഖരിക്കാൻ വനിതാ ശിശുവികസന വകുപ്പ് സൂപ്പർവൈസർ, അംഗൻവാടി വർക്കർ എന്നിവരെ അയച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളുടെ പരമാവധി പ്രയോജനം കുടുംബത്തിന് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്’ -ഷിയോപൂർ കലക്ടർ ശിവം വർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Unable to afford shoes, MP woman wraps plastic around kids’ feet to shield them from hot roads

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.