ഭോപാൽ: മധ്യപ്രദേശിലെ ഗ്രാമത്തിൽ ദുർഘ പൂജ ആഘോഷങ്ങൾക്ക് 200 രൂപ നൽകാൻ കഴിയാത്ത 14 കുടുംബങ്ങൾക്ക് ഉൗരുവിലക്ക്. ബലാഗഡ് ജില്ലയിലെ ലമത ഗ്രാമത്തിൽ ഗോണ്ട് ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്കാണ് വിലക്ക്.
ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് ഗ്രാമത്തിൽ തിരിച്ചെത്തിയവരാണ് ഇവരിൽ പലരും. ഇവരിൽനിന്ന് ദുർഗ പൂജ ആഘോഷത്തിനായി 200 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്രയും തുക ഇല്ലാത്തതിനാൽ 100 രൂപ നൽകാെമന്ന് സമ്മതിച്ചെങ്കിലും സംഘാടകർ അംഗീകരിക്കാൻ തയാറായില്ല. തുടർന്ന് ഊരുവിലക്ക് ഏർപ്പെടുത്തുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ഊരുവിലക്ക് വന്നതോടെ റേഷൻ വാങ്ങാനോ, തൊഴിലിന് പോകാനോ കുടുംബങ്ങൾക്ക് കഴിയാതെയായതായി. മറ്റുള്ളവരോട് സംസാരിക്കാൻ പോലും അനുവാദമില്ലാതെ വന്നതോടെ ജില്ല ഭരണകൂടത്തിനെ സമീപിക്കുകയും പ്രശ്ന പരിഹാരം കാണുകയുമായിരുന്നു.
ഒക്ടോബർ 14ന് പ്രാേദശിക പൂജ സംഘാടകരായ സാർവജനിക് ദുർഗ പൂജ സൻസ്ത ഒരു യോഗം വിളിച്ചുകൂട്ടിയിരുന്നു. ദുർഗ പൂജ ആഘോഷങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു യോഗം. ലമത ഗ്രാമത്തിൽ താമസിക്കുന്ന 170 കുടുംബങ്ങളും 200 രൂപ വീതം ആഘോഷ നടത്തിപ്പിന് സംഭാവന ചെയ്യണമെന്നായിരുന്നു തീരുമാനം. എന്നാൽ ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് ദിവസങ്ങളോളം നടന്ന് ഗ്രാമത്തിൽ തിരിച്ചെത്തിയ 40 കുടുംബങ്ങൾ ഇത്രയും പണം നൽകാനില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സമ്മർദ്ദം ശക്തമായതോടെ 26 കുടുംബങ്ങൾ പണം നൽകാൻ തയാറായി. എന്നാൽ 14 കുടുംബങ്ങൾ 100 രൂപ നൽകാമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ അത് സ്വീകരിക്കാൻ സംഘടാകർ തയാറായില്ല.
ദുർഗ പൂജക്ക് ശേഷം നവംബർ മൂന്നിന് ഗ്രാമ അധികാരികളുടെ നേതൃത്വത്തിൽ വീണ്ടും യോഗം ചേരുകയും 14 കുടുംബങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിക്കുകയുമായിരുന്നു. ഇേതാടെ തൊഴിലിന് പോകാനോ റേഷൻ വാങ്ങാനോ കുടുംബങ്ങൾക്ക് കഴിയാതെയായി. 14 കുടുംബങ്ങളെ ചികിത്സിക്കരുതെന്ന് ഗ്രാമത്തിലെ ഒരു സ്വകാര്യ ഡോക്ടർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. നവംബർ മൂന്നുമുതൽ 17 വരെ വിലക്ക് നീണ്ടു. തുടർന്ന് കുടുബങ്ങൾ പൊലീസിനെ സമീപിച്ചിരുന്നു. പൊലീസ് ഇടപ്പെട്ടെങ്കിലും ഗ്രാമവാസികൾ വഴങ്ങാതെ വന്നതോടെ കലക്ടർ ഇടപ്പെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.