ന്യൂഡൽഹി: രാജ്യസഭയിൽ ആധികാരികമല്ലാത്ത ആരോപണങ്ങൾ അനുവദിക്കില്ലെന്ന് ഓർമിപ്പിച്ച പുതിയ ചെയർമാൻ നിയന്ത്രിക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് അറിയിച്ചു. സഭയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചെയർമാൻ ജഗ്ദീപ് ധൻഖർ മുന്നറിയിപ്പ് നൽകി.
സഭയിലുന്നയിക്കുന്ന വിഷയങ്ങൾക്ക് എന്തൊക്കെ ആധാരമാക്കാം എന്ന കാര്യത്തിൽ അഭിപ്രായം തേടാൻ കക്ഷിനേതാക്കളുടെ യോഗം വിളിക്കും. ഇ.ഡിയെ പ്രതിപക്ഷ വേട്ടക്ക് സർക്കാർ ഉപയോഗിക്കുന്നത് തിങ്കളാഴ്ച രാജ്യസഭയിൽ ഭരണപക്ഷ - പ്രതിപക്ഷ ബഹളത്തിനിടയാക്കിയപ്പോഴാണ് ധൻഖർ ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യത്തിൽ അഭിപ്രായം തേടാൻ സഭാനേതാക്കളുടെയും ചെറുകിട പാർട്ടി നേതാക്കളുടെയും നാമനിർദേശം ചെയ്യപ്പെട്ടവരുടെയും സ്വതന്ത്ര അംഗങ്ങളുടെയും യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണ പക്ഷവും പ്രതിപക്ഷവും വസ്തുതകൾ വെച്ച് സംസാരിക്കണം. അവക്ക് ആധാരമായ രേഖകൾ വെക്കണം. രേഖകളില്ലാതെ സംസാരിക്കുന്നത് അവകാശ ലംഘനമായി കണക്കാക്കും.
പത്രറിപ്പോർട്ടോ പ്രസംഗമോ തെളിവായി കണക്കാക്കില്ല. ഫസഭയിലെ സംസാരം ആധികാരികമായിരിക്കണം എന്ന ധൻഖറിന്റെ നിർദേശം അംഗീകരിച്ച പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ സഭയിൽ മന്ത്രിമാർ നൽകുന്ന വിവരങ്ങൾപോലെ തന്നെ മാധ്യമങ്ങൾ നൽകുന്ന കണക്കുകളും മാധ്യമപ്രവർത്തകർ എഴുതുന്ന ലേഖനങ്ങളും പ്രധാനമന്ത്രിക്ക് സഭക്ക് പുറത്ത് നടത്തുന്ന പ്രസംഗങ്ങളും ചൂണ്ടിക്കാണിക്കേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.