എൻ.ഡി.എയിൽ പൊട്ടിത്തെറി; സീറ്റ് തർക്കത്തിൽ കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ന്യൂഡൽഹി: ബിഹാറിലെ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാഷ്ട്രീയ ലോക്ജൻശക്തി പാർട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ബിഹാറിൽ ലോക്ജൻശക്തി പാർട്ടി ചിരാഗ് പാസ്വാൻ വിഭാഗത്തിന് എൻ.ഡി.എ അഞ്ച് സീറ്റുകൾ നൽകുകയും തന്നെയും പാർട്ടിയെയും അവഗണിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഭക്ഷ്യസംസ്കരണ വകുപ്പ് മന്ത്രിയായ പശുപതി പരസിന്‍റെ രാജി.

പശുപരതി പരസിന്‍റെ അനന്തരവൻ കൂടിയായ ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള ലോക്ജൻശക്തി പാർട്ടിക്ക് (എൽ.ജെ.പി) അഞ്ച് സീറ്റ് നൽകിയപ്പോൾ പരസ് വിഭാഗത്തിന്‍റെ ആർ.എൽ.ജെ.പിക്ക് സീറ്റ് നൽകിയിരുന്നില്ല. തങ്ങളോടും പാർട്ടിയോടും ബി.ജെ.പി നീതികേട് കാണിച്ചത് കൊണ്ടാണ് രാജിയെന്ന് പ​ശുപതി പരസ് അറിയിച്ചു. 

'ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം എന്‍.ഡി.എ. പ്രഖ്യാപിച്ചു. എന്‍റെ പാര്‍ട്ടിക്ക് അഞ്ച് എം.പിമാരുണ്ടായിരുന്നു. ഞാന്‍ വളരെ ആത്മാര്‍ഥതയോടെയാണ് പ്രവര്‍ത്തിച്ചത്. എന്നോടും എന്റെ പാര്‍ട്ടിയോടും അനീതി കാണിച്ചു. മോദി വലിയ നേതാവാണ്. പക്ഷേ, എന്‍റെ പാര്‍ട്ടിയോട് അനീതി കാണിച്ചു' -രാജി അറിയിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.

ആകെ 40 ലോക്സഭ മണ്ഡലങ്ങളുള്ള ബിഹാറിൽ കഴിഞ്ഞ ദിവസമാണ് എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയാക്കിയത്. 17 സീറ്റുകളിൽ ബി.ജെ.പിയാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനതാദൾ യുണൈറ്റഡ് (ജെ.ഡി.യു) 16 സീറ്റുകളിലും ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി അഞ്ച് സീറ്റുകളിലും ജനവിധി തേടും. ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്‌വാഹയുടെ ആർ.എൽ.എമ്മും ഓരോ സീറ്റിലും മത്സരിക്കും. 

2019ൽ എൽ.ജെ.പി മത്സരിച്ച ആറ് സീറ്റിലും ജയിച്ചിരുന്നു. എന്നാൽ, പാർട്ടി പിളർന്നതോടെ ഇതിൽ അഞ്ച് എം.പിമാരും പശുപതി പരസിന്‍റെ ആർ.എൽ.ജെ.പിക്കൊപ്പം നിൽക്കുകയായിരുന്നു. 

Tags:    
News Summary - Union Minister Resigns Over BJP's Deal With Nephew Chirag Paswan's Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.