കൊൽക്കത്ത: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുള്ള അക്രമങ്ങൾക്ക് കേന്ദ്രമന്ത്രിമാർ പ്രേരണ നൽകുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബി.ജെ.പിക്ക് സംസ്ഥാനത്തുണ്ടായ പരാജയം കേന്ദ്ര സർക്കാറിന് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
'ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂർ പോലും പിന്നിട്ടിട്ടില്ല. കത്തുകളും കേന്ദ്ര സംഘങ്ങളും എത്തിത്തുടങ്ങി. സാധാരണക്കാരായ ജനങ്ങളുടെ തീരുമാനം അംഗീകരിക്കാൻ ബി.ജെ.പി ഇതുവരെ തയാറായിട്ടില്ല. ജനവിധി അംഗീകരിക്കാൻ ബി.ജെ.പി നേതാക്കളോട് അഭ്യർത്ഥിക്കുകയാണ്. കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങളെ അനുവദിക്കണം. ഒരു തർക്കത്തിലും ഏർപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല -മമത പറഞ്ഞു.
അക്രമത്തിൽ ഇതുവരെ 16 പേർ കൊല്ലപ്പെട്ടതായും അവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 10ന് കൂച്ച് ബിഹാറിലെ സീതാൽകുച്ചി പ്രദേശത്ത് നടന്ന സി.എ.പി.എഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്നും അവർ പറഞ്ഞു. പശ്ചിമ മിഡ്‌നാപൂർ ജില്ലയിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരെൻറ വാഹനത്തിന് നേരെ ആക്രമണം നടന്നതിെൻറ പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
തെൻറ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രണം ചെയ്തത് തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണെന്ന് മന്ത്രി വി. മുരളീധരൻ ആരോപിച്ചിരുന്നു. മമത ബാനർജിയുടെ ഗുണ്ടാ രാജിന് കീഴിൽ ബംഗാളിൽ സ്വൈര്യ ജീവിതം അസാധ്യമായിരിക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനാവശ്യമായ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം സംസ്ഥാനത്തുണ്ടായ അക്രമങ്ങൾ പരിശോധിക്കാൻ എത്തിയതായിരുന്നു മുരളീധരനും സംഘവും.
ബി.ജെ.പി പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ടി.എം.സിയുടെ ആക്രമണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡൻറ് ജെ.പി. നദ്ദ ആരോപിച്ചു. 'കേന്ദ്രമന്ത്രി വി. മുരളീധരെൻറ വാഹനവ്യൂഹത്തിന് നേരെ തൃണമൂൽ പ്രവർത്തകർ നടത്തിയ ആക്രമണം അപലപനീയമാണ്. ബംഗാളിലെ ക്രമസമാധാനം പൂർണമായും തകർന്നതായി കഴിഞ്ഞദിവസം താൻ വ്യക്തമാക്കിയതാണ്. കേന്ദ്ര മന്ത്രിയെ ആക്രമിക്കുന്ന സ്ഥലത്ത് പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കും?' -ജെ.പി. നദ്ദ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി ജയിച്ചതോടെ ഫലപ്രഖ്യാപനശേഷം സംസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ടി.എം.സിയുടെയും ബി.ജെ.പിയുടെയും വിവിധ ഒാഫിസുകൾ തകർക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.