ലഖ്നോ: ക്രിമനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനാർഥിത്വം നൽകിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി-എസ്.പി പോര് മുറുകുന്നു. ക്രിമിനൽ സ്ഥാനാർഥികളുടെ എണ്ണത്തിൽ സെഞ്ച്വറിയടിക്കാൻ ബി.ജെ.പിക്കുള്ളത് ഒരാളുടെ മാത്രം കുറവാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അഖിലേഷ് യാദവിന്റെ വിമർശനം. ക്രിമിനൽ പശ്ചാത്തലമുള്ള 99 പേർക്ക് ബി.ജെ.പി ഇതുവരെ ടിക്കറ്റ് നൽകിയിട്ടുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായ നാഹിദ് ഹസന് കെയ്റാന മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടി സീറ്റ് നൽകിയതിനെ ബി.ജെ.പി വിമർശിച്ചിരുന്നു. ഈയടുത്ത് ജയിലിൽ നിന്നും പുറത്തിറങ്ങിയ അസംഖാന്റെ മകൻ അബ്ദുള്ള ഖാന് സീറ്റും നൽകിയതും വിവാദമായിരുന്നു. ഇതിനിടെയാണ് ക്രിമിനൽ സ്ഥാനാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയിരിക്കുന്നത്.
യു.പി തെരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടി ഉറപ്പായും ജയിക്കുമെന്ന പ്രതീക്ഷ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസവും പ്രകടിപ്പിച്ചിരുന്നു. യു.പി തെരഞ്ഞെടുപ്പിൽ അദ്ഭുതങ്ങളൊന്നും സംഭവിക്കില്ലെന്നും എസ്.പി ജയിക്കുമെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന. എന്നാൽ അപ്രവചനീയ സംഭവങ്ങളുണ്ടാവുക അടുത്തകൊല്ലം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നേരത്തെ അധികാരത്തിലെത്തിയാൽ 10 രൂപക്ക് ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയുൾപ്പടെ തുടങ്ങുമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.