'പൊതിഞ്ഞത് ചിക്കനല്ല, റൊട്ടി; പൊലീസ് അക്രമികൾക്കൊപ്പം' -ഹോട്ടലുടമയുടെ അറസ്റ്റിൽ പ്രതികരണവുമായി കുടുംബം

ലഖ്നോ: ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രക്കടലാസിൽ ചിക്കൻ വിഭവം പൊതിഞ്ഞു നൽകിയെന്ന കുറ്റം ചാർത്തി  യു.പിയിൽ ഹോട്ടലുടമയെ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുടുംബം. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് പൊലീസ് ഹോട്ടലുടമയായ മുഹമ്മദ് താലിബ് ഹുസൈനെ അറസ്റ്റ് ചെയ്തത്. സംഭാൽ ജില്ലയിൽ ഞായറാഴ്ചയായിരുന്നു സംഭവം.

സംഭവത്തിൽ വിശദീകരണവുമായി താലിബിന്റെ കുടുംബം രംഗത്തെത്തി. താലിബിനെ മനഃപൂർവം കുടുക്കിയതാണെന്ന് അവർ പറയുന്നു. കടയിൽ റൊട്ടി വാങ്ങാനെന്ന വ്യാജേന എത്തിയ ഒരാൾ ആണ് ദൈവങ്ങളുടെ പടമുള്ള പത്രത്തിനരികെ താലിബ് നിൽക്കുന്നതായ ചിത്രം പകർത്തിയത്. ഇയാൾ പിന്നീടിത് ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇയാൾ തന്നെയാണ് ആളെക്കൂട്ടിവന്ന് റസ്റ്ററന്റിൽ പ്രശ്നം ഉണ്ടാക്കിയതും.

മെഹക് എന്ന പേരുള്ള റസ്റ്ററന്റ് താലിബ് 45 വർഷമായി നടത്തുന്നതാണ്. 'വർഷങ്ങളായി ഞങ്ങൾ ഈ സ്ഥലത്ത് പ്രവർത്തിക്കുന്നു. എല്ലായിടത്തുനിന്നും എല്ലാ സമുദായത്തിൽപ്പെട്ടവരും ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്നു. ഞങ്ങൾ ഒരിക്കലും ഒരു പ്രശ്നവും നേരിട്ടിട്ടില്ല. ആളുകൾക്ക് ഈ റെസ്റ്റോറന്റിനെ അറിയുന്നത് മെഹക്കിന്റെ പേരിലല്ല, മറിച്ച് എന്റെ പിതാവിന്റെ പേരിലാണ്'-താലിബ് ഹുസൈന്റെ മകൻ തബീഷ് പറഞ്ഞു.

കോഴിയിറച്ചി ഒരിക്കലും പത്രത്തിൽ പൊതിഞ്ഞ് നൽകാറി​ല്ലെന്നും റൊട്ടി മാത്രമാണ് അങ്ങിനെ നൽകുന്നതെന്നും തബീഷ് പറയുന്നു. കോഴിക്കറി പ്ലാസ്റ്റിക് ബോക്സിലാണ് നൽകുന്നത്. പഴയതും ഉപയോഗിക്കാത്തതുമായ പത്രങ്ങൾ സാംബാൽ ടൗണിലെ റസ്റ്റോറന്റുകൾ റൊട്ടി പൊതിയാൻ ഉപയോഗിക്കാറുണ്ട്.

'ഞങ്ങൾക്ക് ഭയം തോന്നുന്നു'

റസ്റ്ററന്റിൽനിന്ന് നിന്ന് വളരെ അകലെയല്ലാതെയാണ് താലിബ് ഹുസൈന്റെ വസതി സ്ഥിതിചെയ്യുന്നത്. താലിബിന്റെ അറസ്റ്റിനുശേഷം വീട്ടിലുള്ളവർ ഭയന്നിരിക്കുകയാണെന്ന് തബീഷ് പറയുന്നു. 'ഞങ്ങൾക്ക് ഭയം തോന്നുന്നു. ഞങ്ങളുടെ കുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തി. ഇങ്ങനെയൊന്ന് നമുക്ക് സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ അമ്മാവൻ പ്രമേഹരോഗിയാണ്. കാലിൽ മുറിവുണ്ട്. ഞങ്ങൾ എല്ലാവരും അദ്ദേഹത്തെക്കുറിച്ച് ആശങ്കാകുലരാണ്' താലിബ് ഹുസൈന്റെ മരുമകൾ ഫർഹനാസ് പറഞ്ഞു. താലിബിന്റെ ഭാര്യ നഈമ ബീഗം സംഭവത്തിനുശേഷം ഭയപ്പാടിലാണ്.

താലിബ് ഹുസൈൻ ഇപ്പോൾ സാംഭാൽ പൊലീസ് കസ്റ്റഡിയിലാണ്. അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിൽ കർശനമായ ഐ.പി.സി വകുപ്പുകൾ ചേർത്തത് മോചനം ബുദ്ധിമുട്ടാക്കിയേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇഖ്ദാദർ ഹുസൈൻ പാഷ പറയുന്നു. അറസ്റ്റ് ചെയ്യാൻ വന്ന പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു എന്നൊരു കേസും അദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുണ്ട്.

'ഞങ്ങൾ അറസ്റ്റുചെയ്യാൻ പോയപ്പോൾ, അയാൾ വലിപ്പമുള്ള ഒരു കത്തി എന്റെ നേരെ വീശി. ഞാൻ പിന്നോട്ട് നീങ്ങി. പിന്നീട് ഒപ്പമുണ്ടായിരുന്നവർ അയാളെ പിടിക്കുകയായിരുന്നു. സംഭാൽ പോലീസ് സ്റ്റേഷനിലെ സീനിയർ സബ് ഇൻസ്പെക്ടർ അജയ് കുമാർ ത്യാഗി പറയുന്നു.

ഹുസൈനെതിരെ 295 എ (ഏതെങ്കിലും സമുദായത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവമായ പ്രവൃത്തി), 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 307 (കൊലപാതകശ്രമം), 353 (പൊലീസുകാരെ ആക്രമിക്കൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേ​സെടുത്തിരിക്കുന്നത്.

എന്നാലിതെല്ലാം കെട്ടിച്ചമച്ച കുറ്റങ്ങളാണെന്ന് താലിബിന്റെ അഭിഭാഷകൻ ഇഖ്ദാദർ ഹുസൈൻ പാഷ പറയുന്നു. 'കടയിൽവച്ചാണ് താലിബിനെ അറസ്റ്റ് ചെയ്യുന്നത്. തിരക്കേറിയ മാർക്കറ്റിൽ, ഒരു വയോധികന് എങ്ങനെ പൊലീസിനെ പരസ്യമായി ആക്രമിക്കാൻ കഴിയും? ആ പാതയിൽ നിരവധി കാമറകളുണ്ട്, പൊലീസ് പറയുന്നത് തെറ്റാണെന്ന് തെളിയിക്കപ്പെടും. അവരുടെ ആരോപണം അടിസ്ഥാനരഹിതമാണ്. ഈ അവകാശവാദത്തിന് അവർ തെളിവുകളൊന്നും നൽകിയിട്ടില്ല'-അഭിഭാഷകൻ പറയുന്നു.

ഹിന്ദു ജാഗരൺ മഞ്ച് ജില്ല പ്രസിഡന്‍റ് കൈലാഷ് ഗുപ്തയാണ് താലിബിനെതിരേ പൊലീസിൽ പരാതി നൽകിയത്. നവരാത്രി സമയത്ത് അച്ചടിച്ച, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ പത്രങ്ങൾ ഹോട്ടലിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. പരാതി ലഭിച്ചയുടൻ ഹോട്ടലിൽ പരിശോധന നടത്തി ഇവ പിടിച്ചെടുത്തതായാണ് പൊലീസ് നൽകിയ വിശദീകരണം.

Tags:    
News Summary - ‘Rotis, not chicken’ — In UP, Muslim man’s family lament his fate, say ‘we’re feeling terrorised’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.