ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ നീക്കങ്ങളെ പിന്തുണക്കുന്നുവെന്ന ബി.ജെ.പി ആരോപണത്തിൽ പ്രതികരിച്ച് യു.എസ്. ഭരണപാർട്ടിയുടെ ആരോപണം നിരാശപ്പെടുത്തുന്നതാണെന്ന് അമേരിക്കൻ നയതന്ത്ര കാര്യാലയം പറഞ്ഞു. മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയല്‍ നിലപാടുകളില്‍ ഇടപെടാറില്ല.
ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്കുന്നുണ്ടെങ്കില്തന്നെ അത് ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കാനാണെന്ന് യു.എസ് വക്താവ് അറിയിച്ചു. ബി.ജെ.പിയുടെ മുഴുവന്‍ ആരോപണങ്ങളും നിഷേധിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനിക്കെതിരെ തുടരെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്റ്റ് (ഒ.സി.സി.ആർ.പി) അടക്കമുള്ള സംഘടനകള്‍ക്ക് അമേരിക്കൻ സർക്കാർ ധനസഹായം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി വിമർശനം.
ഇന്ത്യയെ തകര്‍ക്കാനുള്ള യു.എസിന്റെ പിന്തുണയോടെയുള്ള നീക്കമാണ് നടക്കുന്നത്. ഒരു സംഘം മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹകരിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും യു.എസിലെ ഡീപ് സ്റ്റേറ്റ് ഘടകങ്ങളും ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ബി.ജെ.പി ആരോപിച്ചത്.
പെഗാസസ്, അദാനി, ജാതി സെന്‍സസ്, ജനാധിപത്യത്തിനെതിരായ കടന്നുകയറ്റം, ആഗോള പട്ടിണി സൂചിക, മതസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങി രാഹുൽ ഗാന്ധിയും പ്രതിപക്ഷവും തുടർച്ചയായി ബി.ജെ.പി സർക്കാറിനെതിരെ ഉന്നയിക്കുന്ന വിഷയങ്ങൾ ഇത്തരത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നവയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയടക്കമുള്ളവർ ആരോപിച്ചിരുന്നു. ഇത് നിരാകരിച്ചുകൊണ്ടാണ് യു.എസിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.