ജയ്പൂർ: രാജസ്ഥാനിൽ മതത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് നേരിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. ശ്രീരാമൻ ഒരാൾക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും മതത്തെ ബന്ധപ്പെടുത്തിയുള്ള രാഷ്ട്രീയം രാജ്യത്തിന് ദോഷം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കനയ്യലാൽ കൊലപാതകം കോൺഗ്രസ് മണിക്കൂറുകൾ കൊണ്ടാണ് തീർപ്പാക്കിയത്. പ്രതികൾ ബി.ജെ.പി നേതാക്കളുമായി ചേർന്നിനിൽക്കുന്നവരാണെന്നും കനയ്യലാലിന്‍റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി പത്ത് കോടി വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ എം.എൽ.എമാർ അത് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്നും ഗെഹ്ലോട് പറഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എമാർ അഴിമതിക്കാരാണെന്ന ബി.ജെ.പി വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരത്തിൽ അഴിമതിക്കാരായിരുന്നുവെങ്കിൽ അവർ പണം വാങ്ങി ബി.ജെ.പിക്കൊപ്പം ചേരുമായിരുന്നു. 2020ൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കാതിരുന്നതോടെ ബി.ജെ.പിക്ക് തന്നോട് അമർഷമുണ്ടെന്നും ഇതിന് തന്‍റെ കുടുംബത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലും കർണാടകയിലും അവർക്ക് സർക്കാരുകളെ അട്ടിമറിക്കാൻ സാധിച്ചേക്കാം, എന്നാൽ രാജസ്ഥാനിൽ അത് നടക്കില്ല. പത്ത് മണിക്കൂറോളമാണ് ബി.ജെ.പിയുടെ ഇ.ഡി കുടുംബത്തെ ചോദ്യം ചെയ്തത്. വീട്ടിൽ റെയ്ഡ് നടത്തിയിട്ടും അവർക്കൊന്നും കണ്ടെത്താനായിട്ടില്ല. സാധാരണക്കാരായ ജനങ്ങൾക്കിടയിൽ തന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്താനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ബി.ജെ.പിയുടെ ആയുധമാണ് ഇ.ഡിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"കഴിഞ്ഞ ഏതാനവും മാസങ്ങളായി രാജസ്ഥാനിലെ 51ഓളം സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കാനുള്ള ഏജൻസികളാണ് ഇ.ഡി.യും സി.ബി.ഐയും ആദായ നികുതി വകുപ്പും. എന്നാൽ മൂവരും തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ജോലിയല്ല സമീപകാലത്തായി ചെയ്യുന്നത്. നീരവ് മോദിയും മെഹുൽ ചോക്സിയും നാട് വിട്ടതോടെ രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യം അവസാനിച്ചെന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയ മന്ത്രവാദത്തിൽ മുഴങ്ങുക മാത്രമാണോ ഇവർ ചെയ്യുന്നത്? ഏജൻസികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് രാജ്യത്തിന് ദോഷമാണ്"- ഗെഹ്ലോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.