അങ്കിത ഭണ്ഡാരി

റിസോർട്ട് റിസപ്ഷനിസ്റ്റ് യുവതിയുടെ മരണം: പ്രതിക്ക് ബി.ജെ.പി ബന്ധമെന്ന് കോൺഗ്രസ്, വിവാദം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പൗരി ഗർവാൾ സ്വദേശിയായ അങ്കിത ഭണ്ഡാരിയെ (19) പൗരി ഗഡ്‌വാളിലെ റിസോർട്ടിൽനിന്ന് സെപ്റ്റംബർ 18 മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്റ്റംബർ 22 ന് മൃതദേഹം കണ്ടെത്തി. ലക്ഷ്മൺ ജുല ഏരിയയിലെ സ്വകാര്യ റിസോർട്ടിന്‍റെ ഉടമയും മാനേജരും ഉൾപ്പെടെ മൂന്ന് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ, പ്രതികളിലൊരാൾക്ക് ബി.ജെ.പിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചതോടെ സംഭവങ്ങൾക്ക് രാഷ്ട്രീയമാനം കൈവന്നിരിക്കുകയാണ്. കേസിലെ പ്രതികളിലൊരാളായ പുൽകിത് ആര്യ ബി.ജെ.പിയുമായി ബന്ധമുള്ളയാളാണെന്ന് ഉത്തരാഖണ്ഡ് കോൺഗ്രസ് വക്താവ് ഗരിമ ധസോണി മാധ്യമങ്ങളോട് പറഞ്ഞു.

സെപ്തംബർ 18ന് യുവതിയെ കാണാതായതായി അവരുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 21നാണ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ കാണാതായ ദിവസം മുതൽ റിസോർട്ട് ഉടമയും മറ്റ് രണ്ട് പ്രതികളും ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

'റിസോർട്ട് ഉടമ പുൽകിത് ആര്യ, അസിസ്റ്റന്റ് മാനേജർ അങ്കിത് ഗുപ്ത, മാനേജർ സൗരഭ് ഭാസ്കർ എന്നിവരുൾപ്പെടെ മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ അഞ്ച് ദിവസമായി കാണാനില്ലായിരുന്നു. റവന്യൂ പൊലീസ് അധികാരപരിധിയിൽപ്പെടുന്ന പ്രദേശത്താണ് സംഭവം. റവന്യൂ പൊലീസിലാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. കേസ് പിന്നീട് ലക്ഷ്മൺ ജുല പൊലീസിന് കൈമാറി. 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു' -ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ പറഞ്ഞു. കേസിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Uttarakhand woman found dead in resort, Congress alleges accused linked to BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.