പുതുച്ചേരി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രി വി നാരായണ സ്വാമി. പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15000 കോടി രൂപയില്‍ ഒരു ഭാഗം നാരായണ സ്വാമി ഗാന്ധി കുടുംബത്തിന് നല്‍കി എന്നായിരുന്നു അമിത് ഷായുടെ ആരോപണം. ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ തെളിയിക്കണം. ആരോപണം തെളിയിക്കാൻ താൻ അമിത് ഷായെ വെല്ലുവിളിക്കുകയാണെന്നും നാരായണ സ്വാമി പറഞ്ഞു.
'എനിക്കെതിരെ അമിത് ഷാ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. അദ്ദേഹം ആരോപണം തെളിയിച്ചില്ലെങ്കില്‍ ഞാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. വ്യാജ ആരോപണം ഉന്നയിച്ച് അദ്ദേഹം എന്‍റെയും ഗാന്ധി കുടുംബത്തിന്‍റെയും പ്രതിച്ഛായ തകര്‍ക്കാനാണ് ശ്രമിച്ചത്. പുതുച്ചേരിയിലെ ജനങ്ങളോട് അമിത് ഷാ മാപ്പ് പറയണം.' നാരായണ സ്വാമി ആവശ്യപ്പെട്ടു.
പുതുച്ചേരിയില്‍ കഴിഞ്ഞ ഞായറാഴ്ച റാലിയില്‍ പങ്കെടുക്കുമ്പോഴാണ് അമിത് ഷാ ഗുരുതര ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് നാരായണ സ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്. അഞ്ച് കോൺഗ്രസ് എം.എൽ.എമാരും ഒരു ഡി.എം.കെ എം.എൽ.എയും രാജിവെച്ചതോടെയാണ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായത്. ബി.ജെ.പി നേതാക്കള്‍ പണമടങ്ങിയ ബാഗുമായി പുതുച്ചേരിയില്‍ ക്യാമ്പ് ചെയ്ത് എംഎല്‍എമാരെ വിലക്ക് വാങ്ങുകയായിരുന്നുവെന്ന് നാരായണസ്വാമി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.