വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം.വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ രാവിലെ 10മണിക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വെങ്കയ്യനായിഡു സത്യപ്രതിജ്ഞ ചെയ്തത്.   

കേന്ദ്ര നഗരവികസനകാര്യമന്ത്രി പദവി രാജിവെച്ചാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപദവിയിലേക്ക് മത്സരിച്ചത്. 1949ല്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ജനിച്ച വെങ്കയ്യനായിഡു 1971 ല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1977 ല്‍ ജനതപാര്‍ട്ടി യുവജനവിഭാഗം ആന്ധ്രാപ്രദേശ് സംസ്ഥാനപ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 1978 ലും 83 ലും ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1985 ല്‍ ബി.ജെ.പി സംസ്ഥാനസെക്രട്ടറിയും 88 ല്‍ സംസ്ഥാന പ്രസിഡണ്ടുമായി.

അടിയന്തരാവസ്ഥക്കെതിരായ സമരത്തിലൂടെ ആന്ധ്രാപ്രദേശിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത നേതാവായി വളര്‍ന്നു. 1993 ല്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായി. 1998 ല്‍ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലെത്തി വാജ്‌പേയ് സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രിയായി. 2002 2004 കാലയളവില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍. 2004ലും 2010 ലും കര്‍ണാടകയില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക്. 2006 മുതല്‍ ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡിലും ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമായിരുന്നു.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നഗര വികസനകാര്യവും വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്‍റെയും ചുമതലക്കാരനായി. 2016 ജൂണില്‍ രാജസ്ഥാനില്‍ നിന്ന് വീണ്ടും രാജ്യസഭയിലെത്തി. ആർ.എസ്.എസ് നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തുന്ന വെങ്കയ്യ ബി.ജെ.പിയിലെ മിതവാദിയായാണ് അറിയപ്പെടുന്നത്.

Tags:    
News Summary - Venkaih naidu sworn as vice president of india-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.