പുതുച്ചേരി: ലഫ്റ്റ്നന്റ് ഗവർണർ പദവിയിൽ നിന്ന് കിരൺ ബേദിയെ നീക്കിയ സംഭവത്തിൽ പ്രതികരണവുമായി പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി. കിരൺ ബേദി പുതുച്ചേരിയിൽ സമാന്തര ഭരണകൂടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അവരെ നീക്കിയത് ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
''കിരൺ ബേദിയെ നീക്കണമെന്നത് കഴിഞ്ഞ നാലര കൊല്ലമായുള്ള ഞങ്ങളുടെ ആവശ്യമായിരുന്നു. ഞങ്ങൾ കേന്ദ്ര സർക്കാറുമായി പോരാട്ടത്തിലായിരുന്നു. ഈ വിഷയം പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ജനങ്ങളോടും പറഞ്ഞു. ബേദിക്കെതിരെ നിരവധി പ്രതിഷേധങ്ങൾ നടത്തി.'' -മുഖ്യമന്ത്രി വ്യക്തമാക്കി.
തന്‍റെ സർക്കാർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ കിരൺ ബേദി തടസപ്പെടുത്തിയെന്നും ഭരണഘടനാവിരുദ്ധമായാണ് അവർ പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
''ഇന്ന് ഡോ. കിരൺ ബേദിയെ നീക്കിയതിലൂടെ പുതുച്ചേരിയിലെ ജനങ്ങൾ വിജയം കൈവരിച്ചിരിക്കുകയാണ്. കാരണം, അവർ ജനക്ഷേമ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അവർ അവഗണിക്കുകയായിരുന്നു. ദൈനംദിന ഭരണത്തിൽ അവർ ഇടപെട്ടു. ഒരു സമാന്തര സർക്കാർ നടത്തുകയായിരുന്ന അവർ ഉദ്യോഗസ്ഥർക്ക് നേരിട്ട് നിർദ്ദേശങ്ങൾ നൽകുകയായിരുന്നു. ഇത് രാജ്യത്തെവിടെയും ചരിത്രത്തിൽ കേട്ടിട്ടില്ല. ലെഫ്റ്റ്നന്റ് ഗവർണർമാരും ഗവർണറും ഭരണഘടനക്കും നിയമവാഴ്ചക്കുമെതിരായി പ്രവർത്തിക്കുകയാണ്.'' -വി. നാരായണസാമി ആരോപിച്ചു.
ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജി വെച്ചതോടെ പുതുച്ചേരിയിൽ ഭൂരിപക്ഷം നഷ്ടമായ നാരായണസ്വാമി സർക്കാർ രാജിക്കൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.