ന്യൂഡൽഹി: ഈ വർഷം ആദ്യ അഞ്ച് മാസത്തിനിടെ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്ക് നേരെ 207 ആക്രമണങ്ങൾ അരങ്ങേറിയതായി റിപ്പോർട്ട്. 2022 ജനുവരി മുതൽ മേയ് അവസാനം വരെ അരങ്ങേറിയ അതിക്രമങ്ങളുടെ കണക്കാണ് യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു.സി.എഫ്) പുറത്തുവിട്ടത്. ലഭ്യമായ കണക്കുകൾ പ്രകാരം ഒരു ദിവസം ഒന്നിലധികം അക്രമ സംഭവങ്ങൾ നടന്നതായി യു.സി.എഫ് പ്രസിഡന്റ് എ.സി. മൈക്കിൾ പറയുന്നു.
ക്രിസ്ത്യാനികൾക്ക് നേരെ ഏറ്റവും കൂടുതൽ അക്രമം നടന്ന വർഷം ആയാണ് 2021നെ യു.സി.എഫ് വിലയിരുത്തുന്നത്. രാജ്യത്തുടനീളം 505 അക്രമ സംഭവങ്ങളാണ് കഴിഞ്ഞ വർഷം അരങ്ങേറിയത്. എന്നാൽ, 2022ൽ അഞ്ചുമാസം കൊണ്ട് തന്നെ 207 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലാണ്. 48 സംഭവങ്ങളാണ് ഇവിടെ നടന്നത്. 44 എണ്ണം റിപ്പോർട്ട് ചെയ്ത ഛത്തീസ്ഗഢാണ് തൊട്ടുപിന്നിൽ.
ലൈംഗിക അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തൽ, ഊരുവിലക്ക്, ആരാധനാലയങ്ങൾ നശിപ്പിക്കൽ, അവഹേളിക്കൽ, പ്രാർത്ഥന തടസ്സപ്പെടുത്തൽ തുടങ്ങിയവയാണ് അതിക്രമങ്ങളായി കണക്കാക്കുന്നത്. അതേസമയം, വിശ്വാസികളെ മർദിച്ചതും ചർച്ചുകൾ പൂട്ടിച്ചതുമായ അനേകം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതായും ഇവർ പറയുന്നു.
മേയ് തുടക്കത്തിൽ ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ ഊരുവിലക്കും ആക്രമണവും ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. രണ്ടും ബസ്തർ ജില്ലയിലാണ് നടന്നത്. ക്രിസ്തുമത വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിന് 65 വയസ്സുള്ള സ്ത്രീയെയും മകനെയും പഞ്ചായത്ത് ഗ്രാമസഭ കൂടി മർദിക്കുകയും ഊരുവിലക്ക് ഏർപ്പെടുത്തുകയും ചെയ്തതതാണ് ഒരു സംഭവം. അതേ ജില്ലയിൽ തന്നെ ഗ്രാമത്തിലെ മുഴുവൻ ക്രിസ്ത്യൻ കുടുംബങ്ങളെയും ഊരുവിലക്കി വെള്ളം, വൈദ്യുതി തുടങ്ങിയ സേവനങ്ങൾ നിഷേധിച്ചതാണ് മറ്റൊന്ന്.
ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ പ്രൊട്ടസ്റ്റന്റ് പാസ്റ്റർ പ്രാർത്ഥനാ ചടങ്ങ് നടത്തുന്നതിനിടെ ജനക്കൂട്ടം ചാപ്പലിൽ കയറി വലിച്ചിഴച്ച് മർദിച്ചതും യു.സി.എഫ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആളുകളെ ബലം പ്രയോഗിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മേയ് 31 ന് ഈ അതിക്രമം അരങ്ങേറിയത്.
അതിക്രമത്തിനിരയായവർക്ക് ബന്ധപ്പെടാൻ ടോൾ-ഫ്രീ നമ്പർ ഏർപ്പെടുത്തിയ യു.സി.എഫ്, നിയമോപദേശവും മാർഗനിർദേശവും നൽകുന്നുണ്ടെന്നും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം കൂടിയായ മൈക്കിൾ അറിയിച്ചു. 'മതസ്വാതന്ത്ര്യം കുറച്ച് തീവ്രവാദികൾ ക്രൂരമായി ചവിട്ടിമെതിക്കുന്നു എന്നത് ഭയാനകമാണ്. ഈ വിഷയം ഗൗരവമായി കാണണമെന്ന് ഞങ്ങൾ അധികാരികളോട് അഭ്യർത്ഥിക്കുന്നു' -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.