കങ്കണയുടെ കരണത്തടിച്ച വനിത കോൺസ്റ്റബിളിന് ജോലി നൽകുമെന്ന് വിശാൽ ദാദ്‍ലാനി

മുംബൈ: ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കുൽവിന്ദർ കൗറിന് ജോലി നൽകുമെന്ന് സംഗീത സംവിധായകനും ഗായകനുമായ വിശാൽ ദാദ്‍ലാനി. ഇൻസ്റ്റഗ്രാം വഴിയാണ് വിശാൽ കോൺസ്റ്റബിളിന് പിന്തുണ അറിയിച്ചത്. ''ഞാനൊരിക്കലും അക്രമത്തെ പിന്തുണക്കുന്നില്ല. എന്നാൽ സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ രോഷാകുലയാകാനുണ്ടായ കാരണം മനസിലാക്കുന്നു. സി.ഐ.എസ്.എഫ് അവർക്കെതിരെ നടപടിയെടുക്കുകയാണെങ്കിൽ അവർക്ക് ജോലി നൽകാൻ തയാറാണ്. അവരത് സ്വീകരിക്കാൻ തയാറാണെങ്കിൽ. ജയ് ഹിന്ദ്, ജയ് ജവാൻ, ജയ് കിസാൻ...''-എന്നാണ് വിശാൽ ദാദ്‍ലാനി കുറിച്ചത്. കങ്കണയെ കോൺസ്റ്റബിൾ തല്ലുന്ന വിഡിയോയും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

കർഷക സമരത്തെ ഇകഴ്ത്തിക്കാട്ടിയതിനുള്ള പ്രതികാരമായാണ് കുൽവിന്ദർ കൗർ കങ്കണയുടെ കരണത്തടിച്ചത്. മർദനത്തിനു പിന്നാലെ ഇവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിലേക്കുള്ള യാത്രക്കായി മൊഹാലി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ കങ്കണയുടെ കരണത്തടിച്ചത്. പതിവു സുരക്ഷ പരിശോധനക്ക് പിന്നാലെയായിരുന്നു മർദനം. കർഷക സമരത്തിൽ പ​ങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമായിരുന്നു പ്രകോപനത്തിന് കാരണം. സമരത്തിൽ കുൽവിന്ദറിന്റെ അമ്മയും പ​ങ്കെടുത്തിരുന്നു. 100 രൂപക്കു വേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നത് എന്നായിരുന്നു കങ്കണ പറഞ്ഞത്. ഇത് സംബന്ധിച്ച കുൽവിന്ദറും കങ്കണയും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ മർദിക്കുകയായിരുന്നു.

സംഭവത്തിൽ പ്രതികരിക്കാത്ത ബോളിവുഡ് താരങ്ങൾക്കെതിരെയും കങ്കണ രംഗത്ത് വന്നു. ഒന്നുകിൽ നിങ്ങൾ ആഘോഷിക്കുകയാണ്...അല്ലെങ്കിൽ മൗനത്തിലാണ് എന്നായിരുന്നു കങ്കണയുടെ വിമർശനം.

അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നെ ആക്രമിച്ച സംഭവത്തിൽ സിനിമ പ്രവർത്തകർ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു കങ്കണയുടെ ചോദയം. എന്നാൽ കുറച്ചു സമയത്തിനകം പോസ്റ്റ് നടി നീക്കം ചെയ്തു. പ്രിയ സിനിമാപ്രവര്‍ത്തകരെ, ഒന്നുകില്‍ നിങ്ങള്‍ ആഘോഷിക്കുകയായിരിക്കും. അല്ലെങ്കില്‍ അല്ലെങ്കില്‍ എനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പൂര്‍ണ്ണമായും മൗനത്തിലായിരിക്കും. ഓര്‍ക്കുക, നാളെ രാജ്യത്തോ അല്ലെങ്കില്‍ പുറത്തെവിടയോ തെരുവിലൂടെ നടക്കുമ്പോള്‍ ഇസ്രായേലിനെയോ പാലസ്തീനെയോ അനുകൂലിച്ചതിന്റെ പേരില്‍ ഏതെങ്കിലും ഇസ്രായേല്‍ അല്ലെങ്കില്‍ പാലസ്തീന്‍ സ്വദേശികള്‍ നിങ്ങളെ തല്ലുമ്പോള്‍ നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ പോരാടുന്നത് കാണാം- കങ്കണ കുറിച്ചു.

മണ്ഡി ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് 74,755 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മുൻ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മകനും കോൺഗ്രസ് സ്ഥാനാർഥിയുമായ വിക്രമാദിത്യസിങ്ങിനെ കങ്കണ പരാജയപ്പെടുത്തിയത്.

Tags:    
News Summary - Vishal Dadlani promises job to CISF constable who slapped Kangana Ranaut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.