ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വിശാൽ പാട്ടീൽ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുർ ഖാർഗെക്ക് കൈമാറി.
സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവെച്ചത്. പാർട്ടിക്ക് 99 എം.പിമാരാണുള്ളത്. വിശാൽ പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടിയുടെ അംഗബലം നൂറാകും. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ഇതിനു മുമ്പ് മൂന്നക്കം കടന്നത്. അന്ന് 206 സീറ്റുകളിലാണ് പാർട്ടി ജയിച്ചത്. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിൽ രണ്ടാം യു.പി.എ സർക്കാർ അധികാരത്തിലെത്തി. കോൺഗ്രസ് സീറ്റിനായി സമ്മർദം ചെലുത്തിയെങ്കിലും മഹാവികാസ് അഘാഡിയുടെ ഭാഗമായ ശിവസേന ഉദ്ധവ് വിഭാഗം സ്വന്തം നിലയിൽ സാംഗ്ലിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു വിശാൽ വിമതനായി മത്സരിക്കാൻ തീരുമാനിച്ചത്. ഒരുലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിശാൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി സഞ്ജയ്കാക പാട്ടീലിനെ പരാജയപ്പെടുത്തിയത്. ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാർഥി ചന്ദ്രഹാർ പാട്ടീലിന് 60,115 വോട്ടുകൾ മാത്രമാണ് നേടാനായത്. വിശാലിന് 5,69,651 വോട്ടുകൾ ലഭിച്ചപ്പോൾ, ബി.ജെ.പി സ്ഥാനാർഥിക്ക് 4,69,392 വോട്ടുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.