ചെന്നൈ: രാഷ്ട്രീയഅനിശ്ചിതത്വം തുടരുന്നതിനിടെ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല ഇന്ന് കീഴടങ്ങിയേക്കും. ഉച്ചയോടെ ബംഗളൂരു കോടതിയിലെത്താനാണ് സാധ്യത. കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും കഴിഞ്ഞദിവസം രാത്രിയോടെ ശശികല പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി.
ജയിലിലായാലും പാര്‍ട്ടിയോടുള്ള ശ്രദ്ധയും ഉത്കണ്ഠയും പാര്‍ട്ടി എന്ന ചിന്തയും മാത്രമേ തനിക്കുണ്ടാകൂവെന്ന് ശശികല വ്യക്തമാക്കി. 24 മണിക്കൂറും പാര്‍ട്ടിയെക്കുറിച്ച് മാത്രമാണ് തന്‍റെ വിചാരമെന്നും സുപ്രീംകോടതി വിധി വന്നശേഷം കൂവത്തൂരിലെ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ അഭിസംബോധന ചെയ്താണ് ശശികല ഇക്കാര്യം പറഞ്ഞത്. ഡി.എം.കെ കൊടുത്ത ഈ കേസിനെ പ്രതിരോധിക്കാന്‍ അവര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
അതേസമയം, അണ്ണാ ഡി.എം.കെ നിയമസഭ കക്ഷി നേതൃസ്ഥാനത്തുനിന്ന് ശശികല നടരാജന്‍ ഒഴിഞ്ഞു. പകരം നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി എടപ്പാടി കെ. പളനിസാമി മന്ത്രിസഭ രൂപവത്കരണ അവകാശവാദവുമായി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ടു. 124 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് കത്തും നല്‍കി. ശശികലയും എം.എല്‍.എമാരും തങ്ങുന്ന മഹാബലിപുരം കൂവത്തൂരിലെ റിസോര്‍ട്ടില്‍നിന്ന് 10 മന്ത്രിമാര്‍ക്കൊപ്പമത്തെിയ എടപ്പാടി ചൊവ്വാഴ്ച വൈകുന്നേരം 5.30നാണ് ഗവര്‍ണറെ കണ്ടത്.
അതിനിടെ, രാജി പിന്‍വലിച്ച് വിശ്വാസവോട്ട് നേടാന്‍ പന്നീര്‍സെല്‍വത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വി. മൈത്രേയന്‍ എം.പിയും മുന്‍ എം.പി മനോജ് പാണ്ഡ്യനും ഗവര്‍ണറെ കണ്ടു. രണ്ട് എം.എല്‍.എമാര്‍ കൂടി പന്നീര്‍സെല്‍വം ക്യാമ്പിലത്തെിയതോടെ വിമതപക്ഷത്ത് പത്തു പേരായി.
സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് പന്നീര്‍സെല്‍വം ഉള്‍പ്പെടെ 20 നേതാക്കളെ ശശികല പുറത്താക്കിയത്. ഇതോടെ പാര്‍ട്ടിയില്‍ പിളര്‍പ്പ് പൂര്‍ണമായി. പന്നീര്‍സെല്‍വത്തോട് കൂറ് പ്രഖ്യാപിച്ച എം.എല്‍.എമാരെയും എം.പിമാരെയും പുറത്താക്കിയിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിക്ക് പുറമെ മുതിര്‍ന്ന നിയമവിദഗ്ധരായ മോഹന പരാസരന്‍, സോളി സൊറാബ്ജി എന്നിവരോടും ഗവര്‍ണര്‍ നിയമോപദേശം തേടി. പ്രത്യേക സമ്മേളനം വിളിച്ച് നിയമസഭക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാമെന്ന് രോഹതഗിയും പരാസരനും വിദഗ്ധോപദേശം നല്‍കി. കൂടുതല്‍ ഭൂരിപക്ഷമുള്ളവരെ വിളിക്കണമെന്ന് സൊറാബ്ജി നിയമോപദേശം നല്‍കിട്ടുണ്ട്.
ഗവര്‍ണര്‍ സ്വീകരിക്കാന്‍ പോകുന്ന അടുത്ത നടപടി എന്തായിരിക്കുമെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം. ശശികല ജയിലിലാകുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആദ്യം മന്ത്രിസഭ ഉണ്ടാക്കാന്‍ ശശികല പക്ഷത്തെ തന്നെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒ. പന്നീര്‍സെല്‍വം രാജിവെക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തതാണ്. ശശികലക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെങ്കിലും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പളനിസാമിയെ അവര്‍ നിര്‍ദേശിച്ചു കഴിഞ്ഞിട്ടുണ്ട്. കോടതി വിധിക്കുശേഷവും ശശികല പക്ഷത്താണ് കൂടുതല്‍ എം.എല്‍.എമാര്‍. അത് യാഥാര്‍ഥ്യവും പന്നീര്‍സെല്‍വത്തിന്‍േറത് കൂടുതല്‍ പിന്തുണ കിട്ടുമെന്ന വിശ്വാസവുമാണ്.
നിയമസഭ സമ്മേളനം വിളിച്ചുകൂട്ടാനുള്ള നിര്‍ദേശം ഗവര്‍ണര്‍ അടുത്ത ദിവസം തന്നെ നല്‍കിയേക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ആദ്യവസരം പളനിസാമിക്ക് ലഭിക്കുമെന്നാണ് സൂചന. അദ്ദേഹത്തിന് അതു കഴിഞ്ഞില്ലെങ്കില്‍ മാത്രമാണ് പന്നീര്‍സെല്‍വം പക്ഷത്തിന് സാധ്യത കൈവരുന്നത്. ഇതിനിടയില്‍ കൂടുതല്‍ എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് പന്നീര്‍സെല്‍വത്തിന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ കഴിയുക. അറിയപ്പെടുന്ന ഒരു മുഖം ഉയര്‍ത്തിക്കാണിക്കാനില്ലാത്ത സ്ഥിതിക്ക് ശശികല പക്ഷത്തെ കൂടുതല്‍ എം.എല്‍.എമാര്‍ ചാഞ്ചാടാനും സാധ്യതയേറെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.