ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്രത്തിലെ വോട്ടുകളുടെ എണ്ണവും വിവിപാറ്റ് സ്ലിപ്പുകളുെട എണ്ണവും വ്യത്യാസമുണ്ടായതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.വി. ഗൗതമ. എം മൂന്ന് വിഭാഗത്തിൽപ്പെട്ട അതിസുരക്ഷ സംവിധാനമുള്ള വോട്ടുയന്ത്രങ്ങളാണ് ലോക്സഭ തെരഞ്ഞെടുപ്പിനായി ഭെൽ നൽകിയതെന്നും വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്താമെന്നത് മിഥ്യാധാരണയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അവകാശപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള 74 ശതമാനം (10 ലക്ഷത്തിലധികം) വോട്ടുയന്ത്രങ്ങളും വിവിപാറ്റ് യൂനിറ്റുകളും പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ആണ് നിർമിച്ചുനൽകിയത്. 373 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടിലും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണവും തമ്മിൽ വൻ വ്യത്യാസമുണ്ടായതായി ഒാൺലൈൻ പോർട്ടലായ ‘ദ ക്വിൻറ്’ റിപ്പോർട്ട് െചയ്തിരുന്നു. ഇതിന് പിന്നാലെയാണ് അത്തരം ആരോപണങ്ങളെ തള്ളി ‘ഭെൽ’ രംഗത്തെത്തിയത്. വോട്ടുയന്ത്രത്തിലെയും വിവിപാറ്റിലെയും വോട്ടുകൾ തമ്മിൽ വ്യത്യാസം വരാൻ ഒരു സാധ്യതയും കാണുന്നില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ അത്തരത്തിൽ ഒരൊറ്റ സംഭവം പോലും ഉണ്ടായിട്ടില്ലെന്നും ഗൗതമ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമറിയാം ഈ വോട്ടുയന്ത്രങ്ങളിൽ ക്രമക്കേട് നടത്താനാകില്ലെന്ന്. എങ്കിലും അവർ ആരോപണം ഉന്നയിക്കുകയാണ്. ഏതെങ്കിലും തരത്തിൽ കൃത്രിമം നടന്നാൽ വിവിപാറ്റിലൂടെ കണ്ടെത്താനാകും. എന്നാൽ, പേപ്പർ ബാലറ്റാണെങ്കിൽ കൃത്രിമം നടത്തിയാൽ കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഘങ്ങൾക്കിടയിലൂടെ ഇറങ്ങിച്ചെല്ലാൻ ശേഷിയുള്ള അത്യാധുനിക റഡാറുകളാണ് ഭെൽ സൈന്യത്തിന് കൈമാറിയിട്ടുള്ളതെന്നും അതെല്ലാം ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും പ്രധാനമന്ത്രിയുടെ റഡാർ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മേഖലയിലെ പൊതുമേഖല സ്ഥാപനായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് 11,789 കോടിയുടെ വിറ്റുവരാണുണ്ടായത്. 2017-18 സാമ്പത്തിക വർഷത്തെ 10,085 കോടിയുടെ വിറ്റുവരവിനേക്കാൾ 17ശതമാനത്തിെൻറ വർധനയാണ് ഇത്തവണയുണ്ടായിരിക്കുന്നത്. നികുതി കുറക്കാതെ 2703 കോടിയുടെ ലാഭം ഈ സാമ്പത്തികവർഷം നേടിയപ്പോൾ മുൻവർഷം 1948 കോടിയുടെ ലാഭമാണുണ്ടായത്.
സംശയം തീർക്കണം –എസ്.വൈ. ഖുറൈശി
ബംഗളൂരു: വോട്ടുയന്ത്രത്തെക്കുറിച്ച സംശയങ്ങൾ ദുരീകരിക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി. എന്നാൽ, വോട്ടുയന്ത്രവും വിവിപാറ്റും ദുരുപയോഗപ്പെടുത്താൻ ഒരു സാധ്യതയുമില്ല. വോട്ടുയന്ത്രത്തിെൻറ വിശ്വാസ്യത സംബന്ധിച്ച് വലിയ ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഖുറൈശിയുടെ പ്രതികരണം.
ആക്ഷേപങ്ങളുടെ സത്ത എന്താണെന്ന് മനസ്സിലാകുന്നില്ല. എന്നാൽ, ജനങ്ങളെ വിശ്വാസത്തിലെടുക്കണം. അവരുടെ വിശ്വാസമാർജിച്ചേ മുന്നോട്ടുപോകാനാകൂ. വോട്ടുയന്ത്രത്തിൽ തിരിമറി സാധ്യമല്ല. അത് പല രൂപത്തിൽ പരിശോധിക്കപ്പെടുന്നതാണ്. തിരിമറി തെളിയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വിവിപാറ്റ് വന്നതോടെ വോട്ടുയന്ത്രത്തെക്കുറിച്ച ആശങ്ക പൂർണമായും ഇല്ലാതായി. വോട്ടുയന്ത്രം ഒഴിവാക്കി പേപ്പർ ബാലറ്റിലേക്ക് മടങ്ങാനല്ല, മറിച്ച് വോട്ടുയന്ത്രം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സാത്താനല്ല, വോട്ട് ചെയ്തത് മനുഷ്യർ’
ന്യൂഡൽഹി: വോട്ടുയന്ത്രത്തിൽ ചെയ്ത വോട്ടിലും എണ്ണിയ വോട്ടിലും അന്തരം വ്യാപകമാണെന്ന വാർത്ത പ്രചരിച്ചതോടെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമീഷൻ രംഗത്ത്. സാത്താന്മാരല്ല, വോട്ട് ചെയ്തത് മനുഷ്യരാണെന്ന് വിമർശിച്ചാണ് വോട്ടുവ്യത്യാസ വാർത്തകൾ തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയത്. രാജ്യത്ത് വോെട്ടണ്ണിയ മേയ് 23നുതന്നെ വോട്ടുവ്യത്യാസത്തിെൻറ നിരവധി പരാതി ഉയർന്നിരുന്നു. വ്യത്യാസമുള്ള വോട്ടുകൾ സാത്താൻ ചെയ്തതാണെന്ന അർഥത്തിൽ ചാത്തൻവോെട്ടന്നൊരു പ്രയോഗംപോലും ഉണ്ടായി. ഇതിനെയാണ് വാർത്തകുറിപ്പിലൂടെ കമീഷൻ തള്ളിയത്. 373 മണ്ഡലങ്ങളിൽ വോട്ടുവ്യത്യാസം ഉള്ളതായി ഓൺലൈൻ വെബ്സൈറ്റായ ‘ദ ക്വിൻറ്’ നടത്തിയ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാനാവാതിരുന്ന കമീഷൻ തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിലെ വിവരങ്ങൾ ആധികാരികം ആകണമെന്നില്ല എന്നാണ് വിശദീകരിച്ചത്. അവസാന കണക്ക് വൈകാതെ പുറത്തുവിടുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.