ഉപതെരഞ്ഞെടുപ്പ്: മൂന്ന് ലോക്സഭ, ഏഴ് നിയമസഭ സീറ്റുകളിലെ വോട്ടെടുപ്പ് തുടങ്ങി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിൽ ഒഴിവുവന്ന മൂന്ന് ലോക്സഭ, ഏഴ് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. ഡൽഹി, ത്രിപുര, ഉത്തർപ്രദേശ്, പഞ്ചാബ്, ഝാർഖണ്ഡ്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

ഭഗ്വന്ത് മൻ മുൻ എം.പിയായിരുന്ന പഞ്ചാബിലെ സംഗരൂരിലും സമാജ് വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവും അഅ്സം ഖാനും നിയമസഭയിലേക്ക് ജയിച്ചപ്പോൾ ഒഴിഞ്ഞുവന്ന ഉത്തർപ്രദേശിലെ അസംഗഡ്, രാംപൂർ എന്നീ ലോക്സഭാ സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചാബിൽ സിദ്ദു മൂസെ വാലെയുടെ മരണത്തിന് ശേഷം ആം ആദ്മി പാർട്ടി നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ത്രിപുരയിലെ ടൗൺ ബൊർദൊവാലിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭ മണ്ഡലം. ത്രിപുര മുഖ്യമന്ത്രി മണിക് സാഹയാണ് ഈ മണ്ഡലത്തിൽ ജനവിധി തേടുന്നത്.

ആം ആദ്മി പാർട്ടിയുടെ രാഘവ് ചന്ദ രാജ്യസഭ എം.പിയായപ്പോൾ ഒഴിവു വന്ന ഡൽഹിയിലെ രജീന്ദർ നഗർ സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. ബി.ജെ.പിയും ആപ്പും തമ്മിൽ കടുത്ത അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലമാണിത്.

ഝാർഖണ്ഡിലെ മന്ദർ, ആന്ധ്രയിലെ ആത്മകൂർ, ത്രിപുരയിലെ അഗർതല, സുർമ, ജുബരാജ്നഗർ എന്നിവിടങ്ങളാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് നിയമസഭ മണ്ഡലങ്ങൾ. ജൂൺ 26നാണ് വോട്ടെണ്ണൽ.

Tags:    
News Summary - Voting on for bypolls in 6 states. Tripura CM among key candidates: A lowdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.