ഡൽഹി: ദീപാവലി ദിനത്തിൽ ഡൽഹി, സന്ത് നഗറിലെ ബിരിയാണിക്കട ഭീഷണിപ്പെടുത്തി അടപ്പിച്ച് ഹിന്ദുത്വ തീവ്രാദി സംഘടനയായ ബജ്റംഗ് ദൾ പ്രവർത്തകൻ. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വയം കേസെടുത്തു. ഐപിസി സെക്ഷൻ 295 എ പ്രകാരമാണ് (മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിക്കാനും പ്രകോപിപ്പിക്കാനും ഉദ്ദേശിച്ചുള്ള ബോധപൂർവവും കുത്സിതവുമായ പ്രവൃത്തികൾ) കേസ് ഫയൽ ചെയ്തത്.
ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ള ആളെ പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, വസ്തുതകൾ പരിശോധിച്ച് വരികയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഡൽഹി നോർത്ത് ഡിസിപി സാഗർ സിങ് കൽസി പറഞ്ഞു. അതേസമയം പ്രതിയുടെ പേര് സുരേഷ് കുമാർ സൂര്യവംശി എന്നാണെന്നും ബജ്റംഗ്ദൾ പ്രവർത്തകൻ ആണെന്നും പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇയാൾ തന്നെയാണ് വീഡിയോയും ചിത്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന.
'ഇതൊരു മുസ്ലീം പ്രദേശമാണോ? അവർ അവിടെ ഇരിക്കുന്നത് നോക്കൂ' എന്ന് പറഞ്ഞുകൊണ്ടാണ് തിരക്കേറിയ തെരുവിൽ സ്ഥിതി ചെയ്യുന്ന റെസ്റ്റോറന്റിലേക്ക് ഒരാൾ എത്തുന്നത്. തുടർന്ന് ജീവനക്കാരെ മോശമായി അധിക്ഷേപിക്കുകയും റസ്‌റ്റോറന്റ് അടച്ചുപൂട്ടാൻ അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 'നീ എങ്ങനെ കട തുറന്നു? ആരാണ് അനുവാദം തന്നത്? ഇത് ഹിന്ദു പ്രദേശമാണെന്ന് നിനക്കറിയില്ലേ? ഇന്ന് ദീപാവലി ആണ്. കട അടച്ചിടൂ. ഇതെന്താ...ഇത് നിങ്ങളുടെ പ്രദേശം ആണിതെന്ന് കരുതിയോ. ഇത് ജുമാമസ്ജിദ് ആണോ? പൂർണ്ണമായും ഹിന്ദു പ്രദേശമാണിത്'എന്നും അക്രമി ആക്രോശിക്കുന്നുണ്ടായിരുന്നു. ബഹളംകേട്ട് തടിച്ചുകൂടിയ ജനങ്ങളോട് 'ഉണരുക. ഇവരെല്ലാം നമ്മുടെ സഹോദരിമാരോടൊപ്പം 'ലൗ ജിഹാദ്' ചെയ്യാൻ വന്നവരാണ്. അവരെ കുടുക്കാനാണ് ഇവർ വന്നത്'എന്നും ഇയാൾ പറഞ്ഞു.
ഇതെല്ലാം കേട്ട റസ്‌റ്റോറന്റ് ജീവനക്കാർ പേടിച്ച് ഒന്നും മിണ്ടാതിരിക്കുന്നതും വീഡിയോയിൽ കാണാം. അവരിൽ ഒരാൾ എന്തോ മറുപടി പറയുേമ്പാൾ 'കട കത്തിപ്പോകുമോ എന്ന് നിനക്ക് പേടിയില്ലേ'-എന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നുണ്ട്. തുടർന്ന് ജീവനക്കാർ കസേരകളും മേശകളും പാത്രങ്ങളും എടുത്തുമാറ്റാൻ തുടങ്ങുകയും കട അടച്ചുപൂട്ടാൻ ഒരുങ്ങുന്നതുമായാണ് വീഡിയോയിലുള്ളത്. അപ്പോഴും അക്രമി 'ഇതൊരു ഹിന്ദു പ്രദേശമാണ്" എന്ന് ആക്രോശിച്ചുകൊണ്ടിരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.