ലഖ്നോ: ഉത്തർപ്രദേശിൽ ജന്മദിനാഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലെത്തിക്കാൻ പോയ മുസ്ലിമായ 17കാരൻ 'ലവ് ജിഹാദ്' നിയമപ്രകാരം അറസ്റ്റിൽ. യു.പിയിലെ ബിജ്നോറിലാണ് സംഭവം. പെൺകുട്ടിയുടെ വീടിന് സമീപമാണ് 17കാരന്‍റെ വീടും. മാതാപിതാക്കൾക്കും നാലു സഹോദരങ്ങൾക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് 17കാരന്‍റെ താമസം. കൗമാരക്കാരനെതിരെ മതപരിവർത്തന നിരോധന നിയമം, പോക്സോ, എസ്.സി/എസ്.ടി നിയമം തുടങ്ങിയവയുടെ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 14നാണ് കേസിനാസ്പദമായ സംഭവം. ദലിത് പെൺകുട്ടിയും മുൻ സഹപാഠിയായ കൗമാരക്കാരനും സുഹൃത്തിന്‍റെ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരുവരെയും പിന്നീട് ഒരു സംഘം പിന്തുടർന്നു. 17കാരനെ മർദ്ദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരാണെന്ന് തെളിഞ്ഞതോടെ ഇരുവരെയും പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പിന്നീട് പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. വിവാഹം കഴിക്കാനും മതപരിവർത്തനം ചെയ്യാനുമുള്ള ലക്ഷ്യത്തോടെ പെൺകുട്ടിയെ ഒളിച്ചോടാൻ പ്രേരിപ്പിച്ചെന്ന പരാതിയുടെ പേരിലാണ് അറസ്റ്റെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, പെൺകുട്ടിയുടെ പിതാവ് പരാതി നിഷേധിച്ചു. പൊലീസിന്‍റെ നിർദേശമനുസരിച്ചാണ് പ്രസ്താവന നടത്തിയതെന്നും പിതാവ് പറഞ്ഞു. 'ഞാൻ എന്‍റെ മകളെ പൂർണമായും വിശ്വസിക്കുന്നു. അവൾ എന്തുതെറ്റാണ് ചെയ്തത്. എന്തിനാണ് അവളെ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നത്. ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരുമിച്ച് നടന്നാൽ അത് നിയമവിരുദ്ധമാകുമോ?' -പിതാവ് ചോദിച്ചു.
യുവാവ് ഇപ്പോൾ ബിജ്നോറിലെ ജയിലിലാണ്. യുവാവിന് 18 വയസായെന്നാണ് പൊലീസ് വാദം. അറസ്റ്റിലായ കൗമാരക്കാരന് 17 വയസ് മാത്രമാണ് പ്രയമെന്നും പ്രായം തെളിയിക്കുന്ന രേഖകൾ കൈയിലില്ലെന്നും കുടുംബം പറയുന്നു.
17കാരൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കൗമാരക്കാരന് പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ രേഖകൾ ഹാജരാക്കണം. പെൺകുട്ടിയെ ചോദ്യം ചെയ്തതിന് ശേഷവും പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഉചിതമായ നടപടി ഇയാൾക്കെതിരെ സ്വീകരിച്ചതെന്നും ധാംപുർ സ്റ്റേഷൻ ഹൗസ് ഓഫിസ് അരുൺ കുമാർ പറഞ്ഞു.
'ഞാൻ എന്‍റെ സുഹൃത്തിനൊപ്പം നടക്കുന്നതിൽ ഒരു സംഘം പുരുഷൻമാർക്കായിരുന്നു പ്രശ്നം. അത് ഞാൻ മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇനിയും അതുതന്നെ പറയും. അവർ എന്‍റെ വിഡിയോകൾ എടുത്തു. ഇപ്പോൾ ലവ്ജിഹാദെന്ന പേരിൽ പ്രചരിപ്പിക്കുന്നു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്‍റെ സ്വന്തം ഇഷ്ടത്തിനാണ് പോയത്' -പെൺകുട്ടി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മകനെ ഒന്നു കാണാൻ കഴിഞ്ഞാൽ മാത്രം മതിയെന്നും തെറ്റായ പരാതിയിലാണ് മകനെ കസ്റ്റഡിയിലെടുത്തതെന്നും കൗമാരക്കാരന്‍റെ മാതാവ് പറഞ്ഞു. മകൻ പ്രായപൂർത്തിയായിട്ടില്ലെന്ന് തെളിയിക്കാൻ യാതൊരു രേഖയും കൈവശമില്ലെന്നും മകനെതിരായ കേസിൽ പോരാടാൻ പണം സ്വരൂപിക്കുകയാണെന്നും മാതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.