മുംബൈ: ജയിലിൽ കഴിഞ്ഞ വേളയിൽ 10 കിലോ ശരീര ഭാരം കുറഞ്ഞതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. എൻ.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിശ്വസ്തനായ സജ്ഞയ് റാവുത്ത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി ജയിലിലടച്ച റാവുത്തിന് പ്രത്യേക കോടതിയുടെ ഉത്തരവിലൂടെയാണ് ജാമ്യം ലഭിച്ചത്. തന്നെ ഇരുട്ടറയിലാണ് പാർപ്പിച്ചിരുന്നത്. 15 ദിവസം സൂര്യപ്രകാശം കണ്ടിട്ടില്ല. തുടർന്ന് വെളിച്ചം കണ്ടപ്പോൾ കണ്ണിനു വരെ പ്രശ്നങ്ങളുണ്ടായി-റാവുത്ത് പറഞ്ഞു.
ജയിൽ പോരാളി എന്നാണ് റാവുത്ത് തന്നെ വിശേഷിപ്പിച്ചത്. അവർക്കു(ബി.ജെ.പി) മുന്നിൽ കീഴടങ്ങാൻ തയാറായിരുന്നെങ്കിൽ ഒരിക്കലും എന്നെ അറസ്റ്റ് ചെയ്യില്ലായിരുന്നുവെന്നും റാവുത്ത് അവകാശപ്പെട്ടു. ''ഞാൻ സ്വയം വിശേഷിപ്പിക്കുന്നത് ജയിൽ പോരാളി എന്നാണ്. ഞങ്ങൾ അവരുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്നുവെന്നാണ് സർക്കാരും കരുതുന്നത്. മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ജയിലിൽ വെച്ച് കണ്ടിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. അഴിമതിക്കുറ്റം ആരോപിച്ചാണ് അദ്ദേഹത്തെ ജയിലിലടച്ചത്''-റാവുത്ത് പറഞ്ഞു. പ്രതിപക്ഷത്തുള്ളവരെ മാത്രമേ ഈ സർക്കാർ ജയിലിൽ പാർപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം ചോദിച്ചു.
താക്കറെ കുടുംബം ഉള്ളതുകൊണ്ട് മാത്രമാണ് താൻ ഈ നിലയിൽ നിൽക്കുന്നതെന്നും റാവുത്ത് വ്യക്തമാക്കി. ഉദ്ധവ് താക്കറെയെ ഉപേക്ഷിച്ചാണ് മറ്റ് നേതാക്കൾ മറുകണ്ടം ചാടിയത്. പാർട്ടി വിടാൻ ആഗ്രഹമുള്ളവർക്ക് പോകാം. എന്നാലും പാർട്ടി അതിജീവിക്കുമെന്നും റാവുത്ത് പറഞ്ഞു. ചില ആളുകൾ ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അന്ധേരിയിൽ ബി.ജെ.പി സ്ഥാനാർഥിയെ നിർത്തിയാലും ഞങ്ങൾ റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിക്കുമായിരുന്നു.
സംസ്ഥാനത്തെ ജനങ്ങൾ തന്റെ പാർട്ടിക്കൊപ്പമാണെന്നും അവനവന്റെ നേട്ടം നോക്കി പോയത് എം.എൽ.എമാരും നേതാക്കളും മാത്രമാണെന്നും റാവുത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.