ബംഗളൂരു: ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകിയതിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്വാനിക്ക് പുരസ്കാരം നൽകിയതിനെ എതിർക്കുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകുമെന്ന് പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാർ തീരുമാനത്തെ എതിർക്കാനില്ല. അദ്വാനിക്ക് ഭാരതരത്ന കൊടുക്കുകയാണെങ്കിൽ കൊടുക്കട്ടെയെന്നും സിദ്ധരാമയ്യ പറഞ്ഞു. തുമക്കുരു സിദ്ധഗംഗ സ്വാമിക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിദ്ധരാമയ്യ കത്തയക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എൽ.കെ അദ്വാനിയുടെ ഭാരതരത്നക്കെതിരെ ബി.ആർ.എസ് എം.എൽ.സി കവിത രംഗത്തെത്തിയിരുന്നു. അദ്വാനിയെ അഭിനന്ദിച്ച കവിത രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം അദ്ദേഹത്തിന് നൽകിയതിലൂടെ ബി.ജെ.പി അതിന്റെ അജണ്ട പൂർത്തിയാക്കിയെന്നും വിമർശിച്ചു. രാമക്ഷേത്രം ബി.ജെ.പി യാഥാർഥ്യമാക്കി. ഇതിന് പിന്നാലെ അദ്വാനിക്ക് ഭാരതരത്നയും നൽകി ബി.ജെ.പി അതിന്റെ അജണ്ട പൂർത്തിയാക്കിയെന്നായിരുന്നു കവിതയുടെ പ്രസ്താവന.
എൽ.കെ അദ്വാനിക്ക് ഭാരതരത്ന നൽകുന്ന വിവരം പങ്കുവെക്കാൻ അതിയായ സന്തോഷമുണ്ടെന്ന് മോദി സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചത്. ഈ കാലഘട്ടത്തിലെ ഏറ്റവും ആദരണീയരായ രാജ്യതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ വികസനത്തിന് നൽകിയ സംഭാവന മഹത്തരമാണ്. താഴെത്തട്ടിൽനിന്ന് തുടങ്ങി ഉപപ്രധാനമന്ത്രിവരെയായി രാജ്യസേവനം നടത്തിയ ജീവിതം. ആഭ്യന്തര മന്ത്രി, വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി തുടങ്ങിയ നിലകളിലും സ്തുത്യർഹമായി പ്രവർത്തിച്ചു. തികഞ്ഞ ഉൾക്കാഴ്ച നൽകുന്ന വിധമായിരുന്നു പാർലമെന്റിലെ പ്രവർത്തനം.
പതിറ്റാണ്ടുകൾ നീണ്ട അദ്വാനിയുടെ പൊതുജീവിതം സുതാര്യതയോടും സത്യനിഷ്ഠയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയുടേതാണ്. രാഷ്ട്രീയ മൂല്യങ്ങളിൽ സവിശേഷ നിലവാരമാണ് അതിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. ദേശീയ ഐക്യവും സാംസ്കാരിക നവോത്ഥാനവും ശക്തിപ്പെടുത്താൻ സമാനതകളില്ലാത്ത പ്രയത്നം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ഭാരതരത്ന സമ്മാനിക്കുന്നതു തന്നെ സംബന്ധിച്ച് വികാരനിർഭരമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും പഠിക്കാനും ഒരുപാട് അവസരം കിട്ടിയത് വിശേഷ ഭാഗ്യമായി കരുതുന്നു -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.