ന്യൂഡൽഹി: കർഷക ദ്രോഹപരമായ നിയമങ്ങൾ പിൻവലിക്കലല്ലാതെ സമരത്തിന് പരിഹാരമില്ലെന്ന് കർഷകർ. വ്യാഴാഴ്ച കേന്ദ്രസർക്കാറുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ച പരാജയപ്പെട്ടതിനുപിന്നാലെ മാധ്യമങ്ങളോടാണ് കർഷകനേതാക്കൾ നിലപാട് വ്യക്തമാക്കിയത്.
'നിയമം ഭേദഗതി ചെയ്യുമെന്നാണ് സർക്കാർ പറയുന്നത്. ഞങ്ങൾക്ക് ഭേദഗതി ആവശ്യമില്ല. മൂന്ന് നിയമങ്ങളും പൂർണമായും പിൻവലിക്കുകയാണ് വേണ്ടത്. താങ്ങുവില യഥാർഥ രൂപത്തിൽ നടപ്പാക്കണം' -കർഷക നേതാവ് ബൽദേവ് സിങ് സിർസ പറഞ്ഞു. ചർച്ചക്കിടെ സർക്കാർ നൽകിയ ഭക്ഷണമോ, ചായയോ കഴിക്കാൻ പോലും 40ഓളം വരുന്ന സമര നേതാക്കൾ കൂട്ടാക്കിയിരുന്നില്ല.
അതേസമയം, പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വീണ്ടും രംഗത്തെത്തി. 'സർക്കാർ ചർച്ച തുടരും. പ്രശ്നങ്ങൾക്ക് തീർച്ചയായും പരിഹാരം കാണും. സമരം കാരണം ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ കർഷകരോട് ഞാൻ അഭ്യർത്ഥിക്കുകയാണ് -മന്ത്രി നരേന്ദ്ര സിങ് തോമർ മാധ്യമങ്ങളോട് പറഞ്ഞു. കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവന്നതായും ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ പരിഹാരം കാണുമെന്നും വാണിജ്യ വ്യവസായ മന്ത്രി സോം പ്രകാശ് പറഞ്ഞു. അതേ ദിവസം തന്നെ പ്രക്ഷോഭം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ഡൽഹി അതിർത്തികളിൽ കർഷകസമരം തുടരും. വെള്ളിയാഴ്ച കർഷക സംഘടനാ പ്രതിനിധികൾ യോഗം ചേർന്ന് സാഹചര്യങ്ങൾ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.