'അഞ്ച് പേരെ ഞങ്ങൾ കൊന്നിട്ടുണ്ട്'; പശുവിനെ അറുക്കുന്നവരെ കൊല്ലണമെന്ന് ബി.ജെ.പി നേതാവ്

ജയ്പൂർ: പശുവിനെ അറുക്കുന്നവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് രാജസ്ഥാനിലെ ബി.ജെ.പി നേതാവ്. അഞ്ച് പേരെ തങ്ങൾ കൊന്നിട്ടുണ്ടെന്നും മുൻ എം.എൽ.എ കൂടിയായ ബി.ജെ.പി നേതാവ് ഗ്യാൻദേവ് അഹുജ പറഞ്ഞു. രാജസ്ഥാനിലെ ഗോവിന്ദ്ഗഢിൽ സംഘർഷത്തിൽ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴായിരുന്നു വിവാദ പ്രസ്താവന. ഇതിന്‍റെ വിഡിയോ പ്രചരിച്ചതോടെ ഇയാൾക്കെതിരെ കേസെടുത്തു.

'പണ്ഡിറ്റ് ജി, അഞ്ച് പേരെ ഞങ്ങൾ കൊന്നിട്ടുണ്ട്. ലാൽവണ്ടിയിലും ബെഹ്റോറിലും മറ്റുമായാണ് അഞ്ച് പേരെ കൊന്നത്. ഇതാദ്യമായാണ് അവർ ഒരാളെ കൊല്ലുന്നത്' -ബി.ജെ.പി നേതാവ് പറയുന്നു. 2017ൽ ബെഹ്റോറിൽ പെഹ്ലു ഖാനെയും 2018ൽ ലാൽവണ്ടിയിൽ രക്ബാറിനെയും ഗോരക്ഷക ഗുണ്ടകൾ മർദിച്ച് കൊലപ്പെടുത്തിയിരുന്നു.

ഗോവിന്ദ്ഗഢിൽ ട്രാക്ടർ മോഷണവുമായി ബന്ധപ്പെട്ട് ആളുമാറിയാണ് വിക്രം ഖാനും മറ്റ് ചിലരും ചേർന്ന് ചിരഞ്ജി ലാൽ എന്നയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ, വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടതാണെന്നാണ് ബി.ജെ.പി വാദം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഗ്യാൻദേവ് അഹുജ.




 

'നമ്മുടെ പ്രവർത്തകർക്ക് എല്ലാ സ്വാതന്ത്ര്യവും നൽകിയിരിക്കുകയാണ്. പശുവിനെ അറുക്കുന്നവരെ മുഴുവൻ കൊല്ലണം. പ്രവർത്തകരെ ഞങ്ങൾ ജാമ്യത്തിലെടുക്കും, അവരെ കുറ്റവിമുക്തരാക്കും' -അഹുജ പറയുന്നു.

വർഗീയ സ്പർധയുണ്ടാക്കുന്ന പരാമർശത്തിനാണ് അഹുജക്കെതിരെ കേസെടുത്തതെന്ന് അൽവാർ എസ്.പി പറഞ്ഞു. അന്വേഷണത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ മതതീവ്രവാദത്തിന് ഇതിലും വലിയ തെളിവെന്താണ് വേണ്ടതെന്ന് വിഡിയോ പങ്കുവെച്ചുകൊണ്ട് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദോത്സാര ചോദിച്ചു. ബി.ജെ.പിയുടെ യഥാർഥ മുഖമാണിതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പ്രസ്താവന വിവാദമായ ശേഷവും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി അഹുജ വ്യക്തമാക്കിയെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. പശുവിനെ അറക്കുന്നവരെ ഒരിക്കലും വെറുതെ വിടില്ല. ഒരു വിഭാഗം ആളുകളാണ് പശുക്കളെ കടത്തുന്നതും അറക്കുന്നതും. ഹിന്ദുക്കൾക്ക് പശുക്കൾ വൈകാരികമായ ഒന്നാണ്. അതിനാലാണ് അവർ പശുക്കളെ ലക്ഷ്യമിടുന്നത് -അഹുജ പറഞ്ഞു. പ്രവർത്തകരെ സംരക്ഷിക്കാനുള്ള ചുമതല തനിക്കുണ്ടെന്നും അഹുജ പറയുന്നു.

അതേസമയം, അഹുജയുടെ പരാമർശത്തെ തള്ളി ബി.ജെ.പി രംഗത്തുവന്നു. അഹുജ പാർട്ടിയിലുണ്ടെങ്കിലും പദവിയൊന്നും നൽകിയിട്ടില്ലെന്ന് ബി.ജെ.പി വക്താവ് ചോമു എം.എൽ.എ രാംലാൽ ശർമ പറഞ്ഞു. ബി.ജെ.പി ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പാർട്ടിയാണ്. അഹുജ പറഞ്ഞത് അദ്ദേഹത്തിന്‍റെ സ്വന്തം അഭിപ്രായമാണെന്നും എം.എൽ.എ പറഞ്ഞു. 

Tags:    
News Summary - We have killed 5, says ex-BJP Rajasthan MLA, booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.