സിലിഗുരി: അടുത്ത വർഷം ബംഗാളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമുൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഗൂർഖ ജൻമുക്തി മോർച്ച (ബിമർ ഗുരുങ് വിഭാഗം).
'ഞങ്ങളെ ചതിച്ച ബി.ജെ.പിയെ തോൽപിക്കാനാണ് തീരുമാനം. 2009 മുതൽ 2020 വരെ ഞങ്ങൾക്ക് നൽകിയ ഒരു വാഗ്ദാനം പോലും അവർ പാലിച്ചില്ല. അവർ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. വടക്കൻ ബംഗാളിൽ ഞങ്ങൾ മമതയെ പിന്തുണക്കും. വാഗ്ദാനങ്ങൾ പാലിക്കുന്നതിനാൽ തന്നെ അവർ മൂന്നാം തവണ മുഖ്യമന്ത്രിയായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' -പാർട്ടി നേതാവ് രോഹൻ ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗൂർഖാലാൻഡ് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകുന്ന പാർട്ടിക്കായിരിക്കും 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പിന്തുണയെന്നും അദ്ദേഹം കുട്ടിച്ചേർത്തു. 2021ലാണ് ബംഗാളിലെ 294 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
പതിവിൽ നിന്ന് വ്യത്യസ്തമായി തൃണമൂൽ കോൺഗ്രസും ബി.ജെ.പിയുമാണ് സംസ്ഥാനത്ത് അധികാരം പിടിക്കാൻ നേരിട്ട് ഏറ്റുമുട്ടുന്നത്. ബി.ജെ.പിയെയും തൃണമൂലിനെയും തറപറ്റിക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും ബംഗാളിൽ കൈകോർക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.