മുംബൈ: പശ്ചിമ ബംഗാൾ ഉപഭോക്തൃ കാര്യ വകുപ്പ് മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ സദൻ പാണ്ഡെ (71) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് മരണ വാർത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
'ഞങ്ങളുടെ മുതിർന്ന സഹപ്രവർത്തകനും പാർട്ടി നേതാവും ക്യാബിനറ്റ് മന്ത്രിയുമായ സദൻ പാണ്ഡെ ഇന്ന് രാവിലെ മുംബൈയിൽ അന്തരിച്ചു. ഞങ്ങൾ ദീർഘകാലമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഈ നഷ്ടത്തിൽ അഗാധമായി വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം'-മമത ബാനർജി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വർഷം പാണ്ഡെയെ കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വന്നിരുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അടുത്തിടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.
കോൺഗ്രസുകാരനായിരുന്ന പാണ്ഡേ 1998ലെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് തൃണമൂലിൽ ചേർന്നത്. എട്ടുതവണ എം.എൽ.എ ആയിരുന്നു. 2011ൽ പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രി പദവിയും തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.