ന്യൂഡൽഹി: നിയമസഭ പാസാക്കിയ നിരവധി ബില്ലുകളിൽ രണ്ടു വർഷത്തോളം തീരുമാനമെടുക്കാതിരുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. ബില്ലുകൾ തടഞ്ഞുവെക്കുന്നതിന് ഗവർണർ കാരണം പറഞ്ഞതുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമസഭയുടെ നിയമനിർമാണ നടപടി തടസ്സപ്പെടുത്തുന്നതിന് ഗവർണറുടെ അധികാരം ദുരുപയോഗിക്കാൻ പാടില്ല. ഗവർണർ എട്ടു ബില്ലുകൾ തടഞ്ഞുവെച്ചതിനെതിരെ കേരള സർക്കാർ നൽകിയ റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. പഞ്ചാബ് ഗവർണർ ഇത്തരത്തിൽ ബിൽ തടഞ്ഞുവെച്ചതിനെതിരായ കഴിഞ്ഞ ദിവസത്തെ വിധി വായിക്കാൻ ഗവർണറോട് നേരത്തേ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിമർശനം.
കോടതി നോട്ടീസ് അയച്ചശേഷം ഗവർണർ ഒരു ബിൽ പാസാക്കുകയും മറ്റ് ഏഴു ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കുകയും ചെയ്ത കാര്യം കേരള സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ അറിയിച്ചു. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളുടെ കൂട്ടത്തിൽ രണ്ടുവർഷം മുമ്പ് പാസാക്കിയവയുമുണ്ട്. ജനക്ഷേമ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസം നേരിടുന്നു. കോടതി ശക്തമായി ഇടപെട്ടില്ലെങ്കിൽ ജനങ്ങളെ ബാധിക്കും.
സർക്കാറിന്റെ വാദത്തിൽ ന്യായമുണ്ടെന്ന് ഗവർണറെ പ്രതിനിധീകരിച്ച അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തുകൊണ്ടാണ് ഈ ബില്ലുകളിൽ രണ്ടുവർഷമായി തീരുമാനം എടുക്കാതിരുന്നത്? അദ്ദേഹം ചോദിച്ചു. രാഷ്ട്രീയ കാരണങ്ങളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഭരണഘടനാപരമായ വിഷയങ്ങളിലേക്ക് കടന്നേ തീരൂവെന്നായി ചീഫ് ജസ്റ്റിസ്. പ്രതിബദ്ധതയുടെ വിഷയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ ഒപ്പിടാത്ത മൂന്നു ബില്ലുകൾ ഓർഡിനൻസിന് പകരമുള്ളതാണെന്ന് വേണുപോപാൽ കോടതിയെ ധരിപ്പിച്ചു. ഓർഡിനൻസിനോട് എതിർപ്പ് പ്രകടിപ്പിക്കാതെ അതിൽ ഒപ്പുവെച്ച ഗവർണർ, ഓർഡിനൻസിന് പകരമുള്ള, അതേ ഉള്ളടക്കമുള്ള ബിൽ ഒപ്പിടാതെ തടഞ്ഞുവെച്ചത് എന്തുകൊണ്ടാണ്? അദ്ദേഹം ചോദിച്ചു. ഗവർണർ തടഞ്ഞ ബില്ലുകളിൽ പണബില്ലുമുണ്ട്. പണബില്ലിന്റെ കാര്യത്തിൽ ഗവർണർ നടപടി സ്വീകരിക്കുമെന്നും മറിച്ചൊരു നിലപാട് എടുക്കുമെന്ന് കരുതുന്നില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു. ഗവർണർ നടപടി സ്വീകരിക്കുമെന്ന കാര്യം സുപ്രീംകോടതി രേഖപ്പെടുത്തി.
ഗവർണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയാൽ തീരാവുന്നതാണ് വിഷയമെന്ന് അറ്റോർണി ജനറൽ പറഞ്ഞു. പ്രശ്നം എന്താണെന്ന് അറ്റോർണി ജനറൽ തുറന്നു പറയണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. ബില്ലുകളെക്കുറിച്ച് വിശദീകരിക്കാൻ മന്ത്രിമാർ കൂടിക്കാഴ്ചക്ക് സമയം ചോദിച്ചതാണ്. അനുമതി നിഷേധിക്കുകയായിരുന്നു. മന്ത്രിമാർക്കൊപ്പം പ്രൈവറ്റ് സെക്രട്ടറിമാർ കൂടിക്കാഴ്ചക്ക് എത്തുന്നതും വിലക്കി. ബന്ധപ്പെട്ട വകുപ്പു മന്ത്രിമാർക്കാണ് ബില്ലുകളെക്കുറിച്ച് കൂടുതൽ അറിയാവുന്നത്. അവർ വിശദീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചത് അതുകൊണ്ടാണ്.
എന്നാൽ, മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രിക്ക് ബില്ലുകളെക്കുറിച്ച് അറിയില്ലെന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുഖ്യമന്ത്രിക്ക് ഗവർണറെ കാണാൻ എന്തെങ്കിലും പ്രയാസമുണ്ടോ? അദ്ദേഹം ചോദിച്ചു. ഗവർണർ ചായ കുടിക്കാൻ വിളിച്ചാൽ മുഖ്യമന്ത്രി രാജ്ഭവനിൽ പോകുമെന്നായി വേണുഗോപാൽ. മുഖ്യമന്ത്രിയുമായി എപ്പോൾ വേണമെങ്കിലും ചർച്ചക്ക് തയാറാണെന്ന് എ.ജി പറഞ്ഞു.
രാഷ്ട്രപതിയുടെ പരിഗണനക്ക് ബിൽ വിടേണ്ടത് എപ്പോൾ? സുപ്രീംകോടതി പരിശോധിക്കും
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ മതിയായ കാരണമില്ലാതെ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാമോ? സംസ്ഥാന സർക്കാറിന്റെ പ്രവർത്തനത്തിൽ ഇടങ്കോലിടുന്ന ഇത്തരം നടപടികൾ തടയാൻ മാനദണ്ഡം കൊണ്ടുവരണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. എട്ടു ബില്ലുകൾ തടഞ്ഞുവെച്ചതിനെതിരായ റിട്ട് ഹരജി ഈ ആവശ്യംകൂടി ഉൾപ്പെടുത്തി ഭേദഗതിചെയ്യാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിർദേശിച്ചു.
കേന്ദ്ര നിയമവുമായി പൊരുത്തപ്പെടാത്ത ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കേണ്ടത്. എന്നാൽ, കേരള ഗവർണർ രാഷ്ട്രപതിക്ക് കൈമാറുന്ന ബില്ലുകളിൽ ഇത്തരം വിഷയങ്ങളൊന്നുമില്ല. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവർണർ വിടുന്നതിന് മതിയായ കാരണം വേണം. ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം കോടതി മുന്നോട്ടുവെക്കണമെന്ന് കേരള സർക്കാറിനുവേണ്ടി ഹാജരായ കെ.കെ. വേണുഗോപാൽ അഭ്യർഥിച്ചു. എന്നാൽ, അത് സംസ്ഥാന സർക്കാർ നൽകിയ റിട്ട് ഹരജിയുടെ പരിധിയിൽവരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. തടഞ്ഞുവെച്ച ബില്ലുകളിൽ ചില നടപടി ഗവർണർ സ്വീകരിച്ചതുകൊണ്ട് ഹരജിയിൽ പറഞ്ഞ പരാതി പരിഹരിക്കപ്പെട്ടു. മാർഗനിർദേശം ആവശ്യപ്പെടുന്നത് ഹരജിയുടെ പരിധി വിപുലപ്പെടുത്തുന്നതാണ്.
മാർഗനിർദേശം കോടതിയിൽനിന്ന് ഉണ്ടാകണമെന്ന വിധത്തിൽ ഹരജി ഭേദഗതി ചെയ്ത്നൽകാമെന്നായി സംസ്ഥാന സർക്കാർ അഭിഭാഷകൻ. ഇതിനെ അറ്റോണി ജനറൽ എതിർത്തു. എന്നാൽ നിലവിലെ ഹരജി തീർപ്പാക്കിയതായി തീരുമാനിച്ചാൽ മാർഗനിർദേശം വേണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹരജി നൽകാൻ കേരള സർക്കാറിന് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മാർഗനിർദേശം നൽകാൻ അഭ്യർഥിക്കുന്ന വിധത്തിൽ ഹരജി ഭേദഗതിചെയ്യാൻ കോടതി സംസ്ഥാന സർക്കാറിനെ അനുവദിച്ചു.
ഗവർണർക്ക് തുടരാൻ അർഹതയില്ല -മുഖ്യമന്ത്രി
മലപ്പുറം: സുപ്രീം കോടതിയോടുള്ള അനാദരവാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകടിപ്പിക്കുന്നതെന്നും ഇത്തരം നിലപാടുള്ള വ്യക്തിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ ഇതിൽ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്ലുകള് പിടിച്ചുവെക്കാൻ പാടില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയതാണ്. വിധി എല്ലാ ഗവർണർമാർക്കും ബാധകമാണ്. എന്നാൽ, കേരള ഗവർണർ ഇതിൽ നിന്ന് വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോൾ പഞ്ചാബിന്റെ കാര്യത്തിലെ വിധി ഗവർണർ വായിച്ചു നോക്കണമെന്നാണ് നിർദേശിച്ചത്. അതിനെ പരിഹസിക്കുന്ന മറുപടിയാണ് ഗവർണറിൽ നിന്നുണ്ടായതെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.