ന്യൂഡൽഹി: സ്വകാര്യത നയത്തിലെ വിവാദ മാറ്റങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള 'വാട്സ്ആപ്പി'നോട് ആവശ്യപ്പെട്ടു. ഏഴു ദിവസത്തിനകം ഈ ആവശ്യത്തോട് പ്രതികരിക്കണമെന്നും കേന്ദ്ര ഇലക്ട്രോണിക് ഐ.ടി മന്ത്രാലയം അയച്ച നോട്ടീസിലുണ്ട്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും കേന്ദ്ര സർക്കാർ നൽകി. അതിനിടെ, രാജ്യത്ത് നിലവിലുള്ള വിവര സാങ്കേതികവിദ്യ നിയമത്തിെൻറ ലംഘനമാണ് പുതിയ വാട്ട്സ്ആപ് സ്വകാര്യത നയമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ ബോധിപ്പിച്ചു.
മേയ് 15നകം തങ്ങളുടെ ഉപാധികൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഇനിയും ഡിലീറ്റ് ചെയ്തു തുടങ്ങിയിട്ടില്ലെന്ന് വാട്ട്സ്ആപ്പും കോടതിയിൽ വാദിച്ചു. വിവര സ്വകാര്യതയുടെ മൂല്യങ്ങളെയും ഡാറ്റസുരക്ഷയെയും തെരഞ്ഞെടുക്കാനുള്ള അഭീഷ്ടത്തെയും മാനിക്കേണ്ടിവരുമെന്ന് കേന്ദ്രം വ്യക്തമാക്കി. മേയ് 15െൻറ സമയപരിധി കഴിഞ്ഞും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാത്തതുകൊണ്ട് അതിന് മാറ്റമില്ല. 2021ലെ പുതിയ വാട്ട്സ്ആപ് നയം ഇന്ത്യൻ ഉപയോക്താക്കളുടെ താൽപര്യങ്ങളെയും അവകാശങ്ങളെയും ഹനിക്കുന്നതാണ്. നിലവിലുള്ള ഇന്ത്യൻ നിയമങ്ങളെയും ചട്ടങ്ങളെയും പുതിയ വാട്ട്സ്ആപ് സ്വകാര്യതാ നയം എങ്ങനെ ബാധിക്കുന്നുവെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ പൗരന്മാരുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന് നിയമത്തിനു കീഴിൽ സാധ്യമായ എല്ലാ വഴികളും കേന്ദ്ര സർക്കാർ പരിശോധിക്കുന്നുണ്ട്. ഏഴു ദിവസത്തിനകം തൃപ്തികരമായ മറുപടിയില്ലെങ്കിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷമാദ്യത്തിലും വിവാദ നയ മാറ്റം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വാട്ട്സ്ആപ്പിന് എഴുതിയിരുന്നു. സ്വയം തെരഞ്ഞെടുപ്പിനുള്ള ഇന്ത്യക്കാരുടെ അവകാശത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന നിലയിലായിരുന്നു അത്. വിവര കൈമാറ്റത്തിൽനിന്ന് മുക്തരാവാൻ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്ക് ഫേസ്ബുക്ക് കമ്പനി നൽകുന്ന സൗകര്യം ഇന്ത്യക്കാർക്ക് നിഷേധിക്കുന്നത് വിവേചനപരമാണ്.
വിവര സാങ്കേതിക വിദ്യ നിയമത്തിെൻറ ലംഘനമാണ് പുതിയ വാട്ട്സ്ആപ് സ്വകാര്യത നയമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈകോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യത്തിൽ വാട്ട്സ്ആപ് നിലപാട് അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.