കർണാടകയിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. തെക്കൻ മേഖലയിലെ 14 മണ്ഡലങ്ങൾ ഏപ്രിൽ 26ന് വിധിയെഴുതി. മധ്യ കർണാടകയും വടക്കൻ കർണാടകയും ഉൾപ്പെടുന്ന ബാക്കി 14 മണ്ഡലങ്ങൾ ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങവേ, അവസാന ഘട്ട സാധ്യതകൾ വിലയിരുത്തുന്നു...
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടക്കൻ കർണാടകയിലെ 14 സീറ്റും തൂത്തുവാരിയ ബി.ജെ.പി ഈ തെരഞ്ഞെടുപ്പിൽ പോളിങ് ദിനത്തോടടുക്കുമ്പോൾ പതറുന്നതാണ് ചിത്രം.
ലിംഗായത്ത് സമുദായക്കാരിയായ ഹുബ്ബള്ളിയിലെ നേഹ എന്ന പെൺകുട്ടിയുടെ കൊലപാതകം ‘ലവ് ജിഹാദാ’യി ചിത്രീകരിച്ച് ലിംഗായത്ത് വോട്ട് നിലനിർത്താനായിരുന്നു ശ്രമം. പക്ഷേ, സഖ്യകക്ഷിയായ ജെ.ഡി-എസിന്റെ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട വിവാദം ബി.ജെ.പിയെ പ്രചാരണവേദികളിൽ തീർത്തും പ്രതിരോധത്തിലാക്കി.
രൂക്ഷമായ വരൾച്ച നേരിട്ട കർണാടകക്ക് അർഹതപ്പെട്ട ദുരിതാശ്വാസ തുക അനുവദിക്കാതിരുന്ന മോദി സർക്കാറിനെ തുറന്നുകാട്ടിയ കോൺഗ്രസ് പ്രചാരണം കർഷക ഭൂരിപക്ഷ മേഖലയായ വടക്കൻ കർണാടകയിൽ പോളിങ്ങിൽ പ്രതിഫലിക്കും. മിക്ക സീറ്റിലും പുതുമുഖങ്ങളായ യുവാക്കളെ രംഗത്തിറക്കിയാണ് കോൺഗ്രസിന്റെ പരീക്ഷണം.
വടക്കൻ കർണാടകയിൽ ബി.ജെ.പിയുടെ കോട്ടമേഖലയാണ് കിറ്റൂർ കർണാടക (പഴയ മുംബൈ-കർണാടക). ബെളഗാവി, ധാർവാഡ്, വിജയപുര, ചിക്കോടി, ബാഗൽകോട്ട്, ഹാവേരി, ഉത്തര കന്നഡ എന്നീ മണ്ഡലങ്ങൾ അടങ്ങുന്ന മേഖല രണ്ടു പതിറ്റാണ്ടായി ബി.ജെ.പിയുടെ കൈയിലാണ്. 2004ൽ ചിക്കോടിയിൽ കോൺഗ്രസ് ജയിച്ചതുമാത്രമാണ് ഇതിന്നപവാദം.
പ്രചാരണങ്ങൾ അവസാനിക്കുമ്പോൾ കോൺഗ്രസ് ഇത്തവണ ബി.ജെ.പിയുടെ കോട്ടയിളക്കുമെന്നാണ് സൂചനകൾ. ബെളഗാവി, ധാർവാഡ്, ഹാവേരി ഒഴികെയുള്ള സീറ്റുകളിലാണ് കോൺഗ്രസ് വിജയപ്രതീക്ഷ പുലർത്തുന്നത്. സിറ്റിങ് എം.പി പ്രൾഹാദ് ജോഷിക്കെതിരെ ലിംഗായത്ത് സ്വാമി പ്രചാരണത്തിനിറങ്ങിയത് ധാർവാഡിൽ മത്സരം കടുപ്പിക്കുന്നു.
ഹാവേരിയിൽ ബി.ജെ.പി സ്ഥാനാർഥിയായ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കുവേണ്ടി ചില ഒത്തുകളി നടക്കുന്നതായ ആരോപണമുയർന്നിട്ടുണ്ട്. മറാത്ത സ്വാധീനമുള്ള ബെളഗാവിയിൽ ജഗദീഷ് ഷെട്ടറിനെ എതിരിടാൻ ലിംഗായത്തുകാരനായ യുവ നേതാവ് മൃണാൾ ഹെബ്ബാൾക്കർ ശക്തമായ പ്രചാരണം നയിച്ചിരുന്നു.
ചിക്കോടിയിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ പിന്തുണ കോൺഗ്രസ് സ്ഥാനാർഥിക്കുണ്ട്. ലിംഗായത്ത് വോട്ടുകൾ ഗതി നിർണയിക്കുന്ന മേഖലയിൽ, കഴിഞ്ഞ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 50ൽ 35 സീറ്റും കോൺഗ്രസ് പിടിച്ചിരുന്നു. ബി.ജെ.പിക്ക് കർണാടകയിൽ മൊത്തം ലഭിക്കുന്ന സീറ്റിന്റെ സിംഹഭാഗവും സാധാരണ സംഭാവന ചെയ്യാറുള്ളത് കിറ്റൂർ കർണാടകയാണ്. പക്ഷേ, ഇത്തവണ മാറ്റസൂചനയാണ് പ്രചാരണം അവസാനിക്കുമ്പോൾ ലഭിക്കുന്നത്.
ബിദർ, ഗുൽബർഗ (കലബുറഗി), റായ്ച്ചൂർ, ബെള്ളാരി, കൊപ്പാൽ എന്നീ മണ്ഡലങ്ങളാണ് കല്യാണ കർണാടക (ഹൈദരാബാദ്-കർണാടക) മേഖലയിൽ ഉൾപ്പെടുന്നത്. കർണാടകയിലെ പിന്നാക്ക മേഖലയാണിത്. കിറ്റൂർ കർണാടകയെ അപേക്ഷിച്ച് മുൻ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഒന്നോ രണ്ടോ സീറ്റ് ഇവിടെ നിലനിർത്താറുണ്ട്.
മേഖലയിൽ ജെ.ഡി-എസിന് മൂന്ന് എം.എൽ.എമാരുണ്ട്. പാർട്ടി മത്സര രംഗത്തില്ലാത്തതിനാൽ സഖ്യകക്ഷിയായ ബി.ജെ.പിക്കുവേണ്ടി അവരൊന്നും പ്രചാരണത്തിനിറങ്ങിയിരുന്നില്ല. ഈ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാൻ കോൺഗ്രസ് കാര്യമായ ശ്രമം നടത്തിയിരുന്നു.
കല്യാണ കർണാടകയുടെ പുത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ പദവിയിലേറിയതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പായതിനാൽ മേഖലയിൽ അദ്ദേഹം പ്രചാരണത്തിൽ സജീവമായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മേഖലയിലെ 63 ശതമാനം വോട്ടും കോൺഗ്രസിനൊപ്പമായിരുന്നു. ഇതു നിലനിർത്താനായാൽ അഞ്ചു സീറ്റും തിരിച്ചുപിടിക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
മധ്യ കർണാടകയിലെ ദാവൻകരെ, ശിവമൊഗ്ഗ എന്നീ മണ്ഡലങ്ങളിലും ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. ബി.ജെ.പിയിലെ തമ്മിലടിമൂലം മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ സ്വതന്ത്രനായി മത്സരിക്കുന്ന മണ്ഡലമാണ് ശിവമൊഗ്ഗ. ബി.ജെ.പിയുടെ സിറ്റിങ് എം.പി ബി.വൈ. രാഘവേന്ദ്രയും കോൺഗ്രസ് സ്ഥാനാർഥി ഗീത ശിവരാജ്കുമാറും പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്നു.
കർണാടകയിൽ ത്രികോണ മത്സരം അരങ്ങേറുന്ന ഏക മണ്ഡലത്തിൽ ബി.ജെ.പി വോട്ട് ചിതറാനുള്ള സാധ്യത തെളിയുന്നു. ജെ.ഡി-എസിന്റെ വോട്ടിൽ നല്ലൊരു പങ്കും കോൺഗ്രസിലേക്കും മറിയുമെന്നാണ് വിലയിരുത്തൽ. അപ്രവചനീയമായ ദാവൻകരെയിൽ ഇരുപാർട്ടികളും ഒരുപോലെ പ്രതീക്ഷ പുലർത്തുന്നു.
ലിംഗായത്തുകളും പട്ടികജാതി, പട്ടികവർഗക്കാരും മുസ്ലിംകളുമാണ് വടക്കൻ കർണാടകയിൽ വിധിനിർണായകമാവുന്ന വോട്ടുകൾ. അൽപസംഖ്യതരു, ഹിന്ദുളിവരു, ദലിതരു (ന്യൂനപക്ഷം, പിന്നാക്ക വർഗം, ദലിതർ) എന്നതിന്റെ കന്നഡ ചുരുക്കെഴുത്താണ് അഹിന്ദ.
ഇത്തവണ അഹിന്ദ വോട്ടുകൾക്കൊപ്പം ലിംഗായത്ത് വോട്ടുകളിലും കോൺഗ്രസ് കാര്യമായി കണ്ണുവെക്കുന്നു. ലിംഗായത്ത് വോട്ടുകൾ ചോരാതിരിക്കാൻ ബി.ജെ.പിയും അഹിന്ദ-ലിംഗായത്ത് വോട്ടുകൾ ക്രോഡീകരിക്കാൻ കോൺഗ്രസും വടക്കൻ കർണാടകയിൽ ശ്രമിക്കുന്നു.
ദലിത് സംഘടനകളുടെ കൂട്ടായ്മയായ ഐക്യ ഹോരാട്ടയുടെ പിന്തുണ കോൺഗ്രസിനാണ്. ദലിത് നേതാവുകൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, വിവിധ സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംവരണം മുസ്ലിംകൾക്ക് പറിച്ചുനൽകുകയാണെന്ന ആരോപണമാണ് പിന്നാക്ക-ദലിത് വോട്ടുകൾ പിടിക്കാൻ ബി.ജെ.പി ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം വിരുദ്ധ വിഡിയോകളും ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചു.
ജെ.ഡി-എസ് സിറ്റിങ് എം.പിയും പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗിക പീഡന കേസ് വടക്കൻ കർണാടകയിലെ തെരഞ്ഞെടുപ്പിനെയും കാര്യമായി സ്വാധീനിക്കും. ജെ.ഡി-എസ് മത്സരിക്കുന്നില്ലെങ്കിലും സഖ്യകക്ഷിയായ ബി.ജെ.പിയുടെ വോട്ടുചോർത്തും. ശിവമൊഗ്ഗ, റായ്ച്ചൂർ, വിജയപുര, കലബുറഗി, ബെള്ളാരി തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടിക്ക് കാര്യമായ സ്വാധീനമുണ്ട്. ഈ വോട്ടുകൾ കോൺഗ്രസിലേക്ക് പോയേക്കും.
പ്രജ്ജ്വലിനെതിരെ നേരത്തെ ആരോപണമുയർന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി പങ്കിടുകയും വോട്ടഭ്യർഥിക്കുകയും ചെയ്തതിനെ കോൺഗ്രസ് പ്രചാരണത്തിലുടനീളം ചോദ്യം ചെയ്തിരുന്നു. എന്നാൽ, ‘പ്രീണന രാഷ്ട്രീയം’ എന്ന അമ്പുമാത്രം കോൺഗ്രസിനെതിരെ എയ്ത ബി.ജെ.പി, പൊതുവേദികളിൽ പ്രജ്ജ്വൽ വിവാദത്തിൽ തൊടാതെയാണ് പ്രചാരണമവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.