തങ്ങളുടെ സിറ്റിങ് സീറ്റായ ചിക്കബല്ലാപുരയിൽ ഇത്തവണ ജെ.ഡി.എസിന്റെ കൂടി പിന്തുണ ലഭിക്കുമ്പോൾ വിജയം ആവർത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മണ്ഡലത്തിലെ നിർണായകമായ വൊക്കലിഗ വോട്ടുകൾ കൂടുതലും ബി.ജെ.പി അക്കൗണ്ടിലായിരിക്കും എത്തുക.
കോൺഗ്രസ് പരമ്പരാഗത എതിരാളികളാണെന്നത് അതിന് ആക്കം കൂട്ടും. ബി.ജെ.പിക്കായി മുൻ ആരോഗ്യമന്ത്രി കെ. സുധാകറും കോൺഗ്രസിനായി മുൻമന്ത്രി എം.ആർ. സീതാറാമിന്റെ മകൻ എം.എസ്. രക്ഷരാമയ്യയുമാണ് കളത്തിലുള്ളത്.
1996ൽ ജനതാദളിന്റെ ആർ.എൽ. ജാലപ്പ അട്ടിമറി ജയം നേടിയതൊഴിച്ചാൽ 1977ൽ മണ്ഡലപ്പിറവി മുതൽ 2019 വരെ കോൺഗ്രസാണ് വിജയിച്ചത്. കോൺഗ്രസ് കോട്ടയിൽ ജനതാദളിന്റെ കൊടി നാട്ടിയ ജാലപ്പയെ കോൺഗ്രസിലെത്തിച്ച് പിന്നീടുള്ള മൂന്നു തെരഞ്ഞെടുപ്പിലും വിജയിപ്പിച്ച ചരിത്രം കൂടി ചിക്കബല്ലാപുരക്കുണ്ട്.
ഇടതുപക്ഷത്തിനും വേരോട്ടമുള്ള മണ്ഡലമായ ചിക്കബല്ലാപുരയിൽ മാത്രമാണ് സി.പി.എം ഇത്തവണ മത്സരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.പി. മുനിവെങ്കടപ്പയാണ് സി.പി.എം സ്ഥാനാർഥി. പക്ഷേ, മണ്ഡലത്തിലെ സി.പി.ഐ പിന്തുണ കോൺഗ്രസിനാണ്.
ഇടതുപാർട്ടികളോട് കൂടിയാലോചിക്കാതെയാണ് സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും ഇൻഡ്യ മുന്നണിയുടെ ഭാഗമെന്ന നിലക്ക് മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായ കോൺഗ്രസിനെ പിന്തുണക്കുകയാണെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.
ബംഗളൂരു മഹാനഗരത്തിന്റെ സമീപ മണ്ഡലമായ ചിക്കബല്ലാപുരയിൽ കുടിവെള്ള പ്രശ്നവും തൊഴിലില്ലായ്മയും തന്നെയാണ് മുഖ്യപ്രശ്നങ്ങൾ. കുടിവെള്ള പ്രശ്നത്തിന്റെ പേരിൽ വോട്ടർമാരെല്ലാം ക്ഷുഭിതരാണ്. നഗര-ഗ്രാമമേഖലകൾ കൂടിക്കുഴഞ്ഞ് കിടക്കുന്ന മണ്ഡലത്തിൽ തൊഴിൽതേടി കുടുംബങ്ങൾ നഗരത്തിലേക്ക് പലായനം ചെയ്യുന്നുമുണ്ട്. ബാലിജ സമുദായത്തിന് പുറമെ, ദലിത് ന്യൂനപക്ഷ വോട്ടുകളും മണ്ഡലത്തിൽ നിർണായകമാണ്.
വൊക്കലിഗ വോട്ടുകളുടെ ധ്രുവീകരണത്തിലും പിന്നാക്ക സമുദായങ്ങളിലെ വോട്ടുകളുടെ ഏകീകരണത്തിലുമാണ് കോൺഗ്രസിന്റെ കണ്ണ്. പൂകൃഷിയും പൂന്തോട്ട നിർമാണങ്ങളും പട്ടുനൂൽപ്പുഴു വളർത്തലും മുഖ്യ തൊഴിലായ മണ്ഡലത്തിൽ അത്യാധുനിക പൂവിൽപന മാർക്കറ്റും കോൺഗ്രസ് സ്ഥാനാർഥി എം.എസ്. രക്ഷരാമയ്യ വാഗ്ദാനം ചെയ്യുന്നു. ഇരുപാർട്ടികളും കുടിവെള്ള പ്രശ്നത്തെ അഭിമുഖീകരിക്കുമെന്ന് വോട്ടർമാർക്കുറപ്പ് നൽകുന്നു.
അതുകൊണ്ട് തന്നെ യെത്തിനഹോളെ ജലസേചനപദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ നൽകുന്ന വാഗ്ദാനങ്ങളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തുണ്ടായ വികസനക്കുതിപ്പുകൾക്ക് തുടർച്ചയുണ്ടാകാൻ ഒരുമിച്ചു നിൽക്കാം എന്നാണ് കെ. സുധാകർ പറയുന്നത്.
ഇപ്പോൾ തെരഞ്ഞെടുപ്പുകളിൽ ജാതി നിർണായക സ്വാധീനമാകുന്നുണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർതന്നെ പറയുന്നു. ജാതിയും വാഗ്ദാനങ്ങളും തുറുപ്പുശീട്ടാകുന്ന മണ്ഡലം ആരെ പാർലമെന്റിലെത്തിക്കുമെന്ന ചോദ്യത്തിന് ജൂൺ നാലുവരെ കാത്തിരിക്കണം.
നിയമസഭ മണ്ഡലങ്ങൾ (2023)
ബി.എൻ. ബച്ചെഗൗഡ (ബി.ജെ.പി) -7,45,912
എം. വീരപ്പമൊയ്ലി (കോൺഗ്രസ്) -5,63,802
എസ്. വരലക്ഷ്മി (സി.പി.എം) -28,648
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.