ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി പാർട്ടി ആഗസ്റ്റ് 28ന് പ്രഖ്യാപിച്ചേക്കും. ആഗസ്റ്റ് 28ന് നടക്കുന്ന യോഗത്തിൽ പുതിയ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷൻ ഷെഡ്യൂൾ പാർട്ടി പ്രഖ്യാപിച്ചേക്കാം.
ആഗസ്റ്റ് 28നാണ് 3.30ന് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിനായി വെർച്വൽ യോഗം നടക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ വിമർശകനായ രാജസ്ഥാൻ മുഖ്യമന്ത്രി എ.ഐ.സി.സി(ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസുമായി അടുത്ത ബന്ധമുള്ളവരാണ് വിവരം അറിയിച്ചത്. വിദേശത്ത് ചികിത്സക്കായി പോകുന്നതിനു മുമ്പ് ഗെഹ്‍ലോട്ടിനോട്ട് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ സോണിയ ഗാന്ധി അഭ്യഥിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
തന്റെ അഭാവത്തിൽ പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കണമെന്ന് സോണിയ ഗെഹ്ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇക്കാര്യം ഗെഹ്‍ലോട്ടുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചിട്ടില്ല. കോൺഗ്രസ് പാർട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ സമയ പരിധി സെപ്റ്റംബർ 20ന് അവസാനിക്കും. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകാൻ വിസമ്മതിച്ചതോടെയാണ് ഈ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തേണ്ടി വന്നത്. അതേസമയം, പ്രവർത്തകരുടെ ആത്മവീര്യം ഇല്ലാതാക്കുമെന്നതിനാൽ രാഹുൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റാകാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ആണെന്നാണ് ഗെഹ്ലോട്ട് വാദിക്കുന്നത്. അദ്ദേഹത്തെ മുന്നോട്ടു കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് പാർട്ടി തലപ്പത്തേക്ക് സോണിയക്ക് പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ് നിർബന്ധിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.