ബംഗളൂരു: ഉഡുപ്പിയിലെ കോളജിൽ ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ വെച്ചു എന്നറിഞ്ഞപ്പോൾ ഓടിയെത്തിയ ദേശീയ വനിത കമീഷൻ പ്രജ്വൽ രേവണ്ണ എം.പിയുടെ ലൈംഗികാതിക്രമം അറിഞ്ഞില്ലേ എന്ന് കെ.പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ആരാഞ്ഞു. ഉപമുഖ്യമന്ത്രി കർണാടകയിൽ എന്താണ് ചെയ്യുന്നത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ.
നിങ്ങൾ (കേന്ദ്രം) ആണല്ലോ ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ വെച്ച് മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന പരാതി അന്വേഷിക്കാൻ ദേശീയ വനിത കമീഷൻ അംഗം ഖുശ്ബു സുന്ദറിനെ അയച്ചത്. മൂന്ന് മുസ്ലിം വിദ്യാർഥിനികൾ ഹിന്ദു വിദ്യാർഥിനിയുടെ നഗ്നത ഒളികാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. ഒളികാമറ ഇല്ലെന്ന് ദേശീയ വനിത കമീഷനും പൊലീസ് അന്വേഷണത്തിലും കണ്ടെത്തി.എന്താണ് ബി.ജെ.പിയുടെ ഒരു നേതാവും ഇതേപ്പറ്റി (പ്രജ്വൽ അശ്ലീല വിഡിയോ) ഒന്നും മിണ്ടാത്തത്-ഡി.കെ. ശിവകുമാർ പരിഹസിച്ചു. ചൊവ്വാഴ്ച ഹുബ്ബള്ളിയിൽ എൻ.എസ്.യു.ഐ പ്രവർത്തകർ പ്രജ്വൽ രേവണ്ണയുടെ പടം കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് മുൻ മുഖ്യമന്ത്രിയും പ്രജ്വലിന്റെ പിതൃ സഹോദരനുമായ എച്ച്.ഡി. കുമാരസ്വാമി ഡി.കെ. ശിവകുമാറിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു. പേരു പറയാതെ ‘മഹാനായ നേതാവ്’ എന്ന് വിശേഷിപ്പിച്ചായിരുന്നു ഹുബ്ബള്ളിയിൽ ജെ.ഡി.എസ് കോർ കമ്മിറ്റി യോഗ ശേഷം വിമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.