മുംബൈ: നവി മുംബൈയിലെ ഖർഗറിൽ മഹാരാഷ്ട്ര ഭൂഷണ അവാർഡ് ദാനച്ചടങ്ങ് നടത്തിയത് ശരിയായ രീതിയിലല്ലെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അവാർഡ് ദാന ചടങ്ങിനിടെ സൂര്യാതപം മൂലം 11 പേർ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞായറാഴ്ച വൈകീട്ട് തുറസായ മൈതാനത്ത് സംഘടിപ്പിച്ച അവാർഡ്ദാനച്ചടങ്ങിലെത്തിയ നിരവധി പേർക്കാണ് സൂര്യാഘാതം ഏറ്റത്. 11 പേർ മരിക്കുകയും ചെയ്തു.
സൂര്യാതപമേറ്റവർ ചികിത്സയിൽ കഴിയുന്ന എം.ജി.എം കമോത്ത് ആശുപത്രിയിൽ ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും എൻ.സി.പി നേതാവ് അജിത് പവാറും സന്ദർശിച്ചു.
‘ചികിത്സയിലുള്ളവരെ ഞങ്ങൾ പോയിക്കണ്ടു. നാല്, അഞ്ച് ആളുകളോട് സംസാരിക്കുകയും ചെയ്തു. രണ്ടുപേർ ഗുരുതരാവസ്ഥയിലാണ്. പരിപാടിയുടെ ആസൂത്രണം കൃത്യമായി നടന്നിട്ടില്ല. ആരാണ് ഈ സംഭവം അന്വേഷിക്കുക?’ - ഉദ്ധവ് ചോദിച്ചു.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അഞ്ചു ലക്ഷം രൂപ ആശ്വാസ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.