കൂട്ടമരണം: എന്തു കൊണ്ട് മരുന്ന് വാങ്ങിയില്ല, ഇക്കാര്യം അന്വേഷിക്കും; ആശുപത്രി അധികൃതർക്കെതിരെ മഹാരാഷ്ട്ര മന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ നാന്ദഡിലുണ്ടായ കൂട്ടമരണത്തിൽ സർക്കാർ ആശുപത്രി അധികൃതരെ കുറ്റപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഹസൻ മുഷ് രിഫ്. ആശുപത്രി അധികൃതർ എന്തു കൊണ്ട് മരുന്നുകൾ വാങ്ങിയില്ലെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മരുന്നുകൾ വാങ്ങാൻ അനുവദിച്ച 5 കോടി രൂപ എന്ത് കൊണ്ട് ഉപയോഗിച്ചില്ല. അവശ്യവസ്തുക്കൾ വാങ്ങാതിരുന്നത് ഗൗരവതരമായ കാര്യമാണ്. മതിയായ ഫണ്ട് ഉണ്ടായിരുന്നിട്ടും മരുന്ന് വാങ്ങുന്ന കാര്യത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് കാലതാമസം ഉണ്ടായി. ഇക്കാര്യത്തെ കുറിച്ച് ജീവനക്കാരിൽ നിന്ന് ഉന്നത സമിതി വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.

കുട്ടികളുടേത് അടക്കം മുഴുവൻ പേരുടെയും ജീവന് പ്രാധാന്യമുണ്ട്. വേഗത്തിൽ നടപടികൾ സ്വീകരിക്കും. ഫണ്ടിന്‍റെ കാര്യത്തിൽ പ്രശ്നങ്ങളില്ല. കൃത്യമായ സമയത്ത് മരുന്ന് വാങ്ങിയിട്ടില്ല. 40 ശതമാനം മരുന്നുകൾ വാങ്ങാൻ ആശുപത്രി ഡീന് അനുമതി നൽകിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി ഹസൻ മുഷ് രിഫ് പറഞ്ഞു.

ആവശ്യത്തിന് മരുന്നില്ലാത്തതും ഡോക്ടർമാരുടെ കുറവും ഫണ്ടിന്‍റെ അപര്യാപ്തതയുമാണ് കൂട്ടമരണത്തിന് വഴിവെച്ചതെന്ന് മെഡിക്കൽ കോളജ് ഇൻ ചാർജ് ഡീൻ ഡോ. ശ്യാം റാവു വാക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് 12 കോടി രൂപയാണ് ഫണ്ട് ഉള്ളത്. ഈ സാമ്പത്തിക വർഷം നാലു കോടി രൂപയാണ് അനുവദിച്ചതെന്നും ഡീൻ ചൂണ്ടിക്കാട്ടി. ഡീനിന്‍റെ പരാമർശം ബി.ജെ.പി-ഷിൻഡെ സർക്കാറിനെതിരെ രൂക്ഷ വിമർശനത്തിന് വഴിവെച്ചു. ഇതേതുടർന്ന് പരാമർശം തിരുത്തിയ ഡീൻ മരുന്നിന്‍റെയോ ഡോക്ടർമാരുടെയോ ക്ഷാമമില്ലെന്ന് ഇന്നലെ പറഞ്ഞു.

നാന്ദഡിലെ ഡോ. ശങ്കർറാവു ചവാൻ സർക്കാർ മെഡിക്കൽ കോളജിൽ 16 നവജാത ശിശുക്കളടക്കം 31 പേരാണ് രണ്ട് ദിവസങ്ങളിലായി മരിച്ചത്. ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലാത്തതാണ് നാന്ദഡ് മെഡിക്കൽ കോളജിലെ മരണത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്.

ആശുപത്രികൾക്ക് ഉൾക്കൊള്ളാവുന്നതിലേറെ രോഗികളെ കിടത്തി ചികിത്സിക്കുന്നതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ദുരന്തത്തിന് കാരണമായിത്തീരുന്നു. അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര സർക്കാർ അന്വേഷണ സമിതിക്ക് രൂപം നൽകി.

Tags:    
News Summary - Why didn't they purchase medicines...: Minister Hasan Mushrif on Nanded incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.