ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം നൽകിയതിനെ ചൊല്ലി ഡൽഹി കോടതിയിൽ വാദപ്രതിവാദം. ജാമ്യം ലഭിച്ച സാഹചര്യത്തിൽ, പണത്തിന് പഞ്ഞമില്ലാത്ത ജാക്വിലിന് എളുപ്പം രാജ്യം വിട്ടുപോകാൻ സാധിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കോടതിക്കു മുമ്പാകെ വ്യക്തമാക്കി. എന്നിട്ട് എന്തുകൊണ്ടാണ് നടിയെ അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുന്നതിന് പകരം അവരെ അറസ്റ്റ് ചെയ്താൽ പോരെ? കേസിലെ മറ്റ് പ്രതികൾ ജയിലിൽ കഴിയുകയാണ്. നടിയുടെ കാര്യത്തിൽ മാത്രം ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായത് എങ്ങനെയാണെന്നും കോടതി ഇ.ഡിയോട് ചോദിച്ചു.
ജാക്വിലിൻ ഫെർണാണ്ടസിനെ ജാമ്യഹരജിയിൽ കോടതി നാളെ വിധി പ്രഖ്യാപിക്കും. നേരത്തേ ഇടക്കാല ജാമ്യമാണ് അവർക്ക് അനുവദിച്ചത്. ജാമ്യം ലഭിച്ച സാഹചര്യത്തിൽ നടി രാജ്യംവിട്ടുപോകാൻ സാധ്യതയുണ്ടെന്നും സുപ്രധാന കേസായിട്ടും അവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇ.ഡി ഉന്നയിച്ച പ്രധാന വാദങ്ങൾ.
ഞങ്ങളുടെ ജീവിതകാലം മുഴുവൻ നോക്കി നടന്നാലും 50 ലക്ഷം രൂപ കാണാൻ സാധിക്കില്ല. എന്നാൽ ജാക്വിലിന്റെ കാര്യം അങ്ങനെയല്ലെന്നും പണം വാരി വിതറാൻ സാധിക്കുന്നത് കൊണ്ട് എളുപ്പം അവർക്ക് രക്ഷപ്പെടാൻ സാധിക്കുമെന്നും ഇ.ഡി വാദിച്ചു. നടി രാജ്യം വിടുന്നത് തടയാൻ വിമാനത്താവളങ്ങളിൽ ഇ.ഡി ലുക്ഔട്ട് സെർക്കുലർ പുറപ്പെടുവിച്ചിരുന്നു.
പട്യാല കോടതിയാണ് നടിക്ക് 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിലെ മുഖ്യപ്രതി സുകാഷുമായി നടിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇ.ഡി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ജാക്വിലിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തട്ടിയെടുത്ത പണം എത്തിയത് ജാക്വിലിന്റെ കൈയിലാണെന്നും കണ്ടെത്തിയിരുന്നു. കൂടാതെ നടിക്ക് സുകേഷ് ആഡംബര സമ്മാനങ്ങളും നൽകിയിരുന്നു. ആഡംബര കാറുകളും ബാഗുകളും ജിം സ്യൂട്ടുകളും ഷൂസും ആഭരണങ്ങളും സുകാഷ് സമ്മാനിച്ചതായി ശ്രീലങ്കൻ പൗരത്വമുള്ള നടി സമ്മതിച്ചിരുന്നു. തട്ടിപ്പുകേസിൽ 2017 മുതൽ ഡൽഹി ജയിലിൽ കഴിയുകയാണ് സുകേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.