കൊൽക്കത്ത: തൃണമൂൽ എം.പി മഹുവ മൊയിത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായിരിക്കെ ഇക്കാര്യത്തിൽ പരോക്ഷ പ്രതികരണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
എന്ത് പ്രതികൂല വിഷയങ്ങളെയും വിമർശിച്ച് വിവാദങ്ങളാക്കുന്ന ജനങ്ങളുടെ പ്രവണതയെ കുറ്റപ്പെടുത്തിയായിരുന്നു ബംഗാൾ മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഏത് പ്രതികൂല അവസ്ഥകളുണ്ടായാലും അനാവശ്യമായി ഇടപെടുന്നതിലൂടെ ആകെ മൊത്തം സന്തോഷമാണ് ഇല്ലാതാക്കുന്നത്. ആവശ്യം ഇല്ലാത്തപ്പോഴും വിമർശനങ്ങൾ നടത്തുന്നത് ഉപകരിക്കില്ലെന്ന് കൊൽക്കത്ത നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ കുട്ടികളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
നമുക്കെല്ലാം തെറ്റ് വരാറുണ്ട്. അത് തിരുത്തുകയും ചെയ്യും. എന്നാൽ ഒരാൾ ചെയ്യുന്ന നല്ലകാര്യങ്ങൾ എല്ലാം അവഗണിച്ച് അവരുടെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വന്നാൽ പെട്ടെന്ന് അവർക്ക് നേരെ തിരിയുന്ന പ്രവണത നല്ലതല്ലെന്ന് മമത കുറ്റപ്പെടുത്തി. ഇത്തരത്തിൽ വിദ്വേഷങ്ങൾ പടർത്തുന്നത് അവരവരുടെ തന്നെ ബൗദ്ധിക ആരോഗ്യത്തെയാണ് ബാധിക്കുക എന്നും മമത കൂട്ടിച്ചേർത്തു.
വിവാദമായ കാളി പോസ്റ്ററിന്‍റെ പശ്ചാത്തലത്തിൽ തൃണമൂൽ എം.പി മഹുവ മൊയ്ത്ര എടുത്ത നിലപാടുകൾ വിവാദമായ സാഹചര്യത്തിലാണ് മമത വിദ്വേഷ പ്രചരണങ്ങളെ കുറിച്ച് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.