ബി.ജെ.പിയുടെ മതഭ്രാന്തിന് രാജ്യം മാപ്പുപറയുന്നത് എന്തിന് -കെ.ടി.ആർ

ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമർശനം നേരിട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ തെലങ്കാന മന്ത്രി കെ.ടി. രാമറാവു. ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയിൽ പരസ്യ ക്ഷമാപണം നടത്തണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യത്തോടാണ് കെ.ടി. രാമറാവുവിന്റെ പ്രതികരണം. മതഭ്രാന്തരായ ബി.ജെ.പിയുടെ വിദ്വേഷ പ്രസംഗങ്ങൾക്ക് ഇന്ത്യ രാഷ്ട്രമെന്ന നിലയിൽ എന്തിന് മാപ്പു പറയണം എന്നാണ് കെ.ടി.ആർ ചോദിച്ചത്.

അതിൽ ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയല്ല, ബി.ജെ.പിയാണ് മാപ്പു പറയേണ്ടത് എന്നദ്ദേഹം ട്വീറ്റ് ചെയ്തു. നരേന്ദ്രമോദിയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ, ബി.ജെ.പി മതഭ്രാന്തൻമാരുടെ വിദ്വേഷ പ്രസംഗത്തിൽ, രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എന്തിനാണ് അന്താരാഷ്ട്ര സമൂഹത്തോട് മാപ്പു പറയുന്നത് എന്ന് കെ.ടി.ആർ ചോദിക്കുന്നു.

ദിനേന വിദ്വേഷം തുപ്പുന്നതിലും പ്രചരിപ്പിക്കുന്നതിലും നിങ്ങളുടെ പാർട്ടി ആദ്യം ഇവിടുത്തെ ഇന്ത്യക്കാരോട് മാപ്പ് പറയണമെന്നും കെ.ടി.ആർ ആവശ്യപ്പെട്ടു.

കൂടാതെ, ബി.ജെ.പി എം.പി പ്രഗ്യ സിങ് ഗാന്ധി വധത്തെ പുകഴ്ത്തിയപ്പോൾ പ്രധാനമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ അനുവാദം നൽകുന്നത് പ്രചരിപ്പിക്കുന്നതിന് തുല്യമാണ്. മതഭ്രാന്തിനും വിദ്വേഷത്തിനും ഉന്നതതലത്തിൽ നിന്ന് നൽകുന്ന തന്ത്രപരമായ പിന്തുണ രാജ്യത്തിന് പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും കെ.ടി.ആർ പറഞ്ഞു.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശം രാജ്യത്തിനകത്തും പുറത്തും കനത്ത പ്രതിഷേധത്തിനിടയാക്കുകയും ഖത്തർ ഉൾപ്പെടെ ലോക രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രസ്താവനയിൽ പങ്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പാർട്ടി നിലപാടിന് വിരുദ്ധമാണ് പരാമർശമെന്ന് വിശദീകരിച്ച ബി.ജെ.പി, പ്രാഥമിക അംഗത്വത്തിൽ നിന്ന് നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്യുകയും ഡൽഹി മീഡിയ ഇൻചാർജ് നവീൻകുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.

പ്രവാചകനെതിരെ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശം അപലപനീയമാണെന്ന് വ്യക്തമാക്കിയ ഖത്തറും കുവൈത്തും ഇന്ത്യൻ അംബാസഡർമാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തിയാണ് ഖത്തർ പ്രതിഷേധം അറിയിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തറിലെ ഔദ്യോഗിക സന്ദർശനവേളയിലാണിത്.

ഒമാനിലെ മത പണ്ഡിതസഭയും പ്രവാചക നിന്ദക്കെതിരെ ശക്തമായ നിലപാടെടുത്തു. രാജ്യത്തിനകത്തും വിവിധ മുസ്‍ലിം സംഘടനകൾ പ്രതിഷേധിച്ചിരുന്നു. കാൺപുരിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ സംഘർഷത്തിനുൾപ്പെടെ കാരണമായത് നൂപുറിന്‍റെ പരാമർശമായിരുന്നു.

ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യൻ അംബാസഡർക്ക് കൈമാറിയത്. പരാമർശം നടത്തിയവർക്കെതിരായ നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയിൽ പരസ്യ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചിരുന്നു.

ഇ​ന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും ​ പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്​ലിംകൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്​ ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലിയും പ്രതികരിച്ചിരുന്നു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്​ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Remarks on prophet muhammad: Why the country apologizes for BJP's religious fanaticism - KTR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.